ലോക്ക് ഡൌണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനം; ക്ഷേത്രത്തിൽ പൂജ ചെയ്ത് മധ്യപ്രദേശില്‍ ബിജെപിയുടെ കൃഷി മന്ത്രി

single-img
9 June 2020

രാജ്യമാകെ കൊറോണ ഭീതിയില്‍ തുടരവേ ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ക്ഷേത്രത്തിൽ ഉജ്ജൈയിനിലെ മഹാകാല്‍ ക്ഷേത്രത്തില്‍ പൂജ ചെയ്ത് മധ്യപ്രദേശിലെ കൃഷി മന്ത്രി കമല്‍ പട്ടേൽ. ക്ഷേത്രത്തിലേക്ക് ഒരു സംഘം അണികള്‍ക്കൊപ്പമായിരുന്നു ബിജെപി നേതാവുകൂടിയായ ഇദ്ദേഹത്തിന്റെ സന്ദർശനം.

ആരാധന നടത്തിയ ശേഷം പൂജാ വസ്തുക്കള്‍ കൊവിഡ് നിര്‍ദ്ദേശങ്ങളെല്ലാം ലംഘിച്ച് പൂജാരിക്ക് നല്‍കുകയും ചെയ്തു. മുഖാവരണമായ മാസ്‌ക് മുഖത്തണിയാതെ കഴുത്തിലിട്ടാണ് മന്ത്രി പൂജയില്‍ പങ്കെടുത്തതെന്നും ജനങ്ങള്‍ പാലിക്കേണ്ട സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ മന്ത്രി പാലിച്ചിരുന്നില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ക്ഷേത്ര സന്ദര്‍ശനത്തില്‍ താന്‍ നിയന്ത്രണങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ അവകാശവാദം . ‘സംസ്ഥാനത്തെ ബിജെപിയുടെ എംഎല്‍എ മോഹന്‍ യാദവിനൊപ്പമാണ് ഞാന്‍ ക്ഷേത്രത്തില്‍ പോയത്. ഞങ്ങളുടെ സംസ്ഥാനത്തെ രക്ഷിക്കണമെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയായിരുന്നു ഞാന്‍. എന്നാല്‍ ഈ സമയം എങ്ങനെയാണ് മറ്റുള്ളവര്‍ ഉള്ളില്‍ പ്രവേശിച്ചതെന്ന് അറിയില്ല’ പട്ടേല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോക്ക് ഡൌണ്‍ കാരണം അടച്ചിട്ട മഹാകാല്‍ ക്ഷേത്രം ഇപ്പോള്‍ 11 ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും തുറന്നത്. പുതിയ നിര്‍ദ്ദേശ പ്രകാരം മൂന്ന് ഘട്ടമായി മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാവൂ, ഒരേ സമയം അഞ്ച് ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ തുടങ്ങിയ നിർദ്ദേശങ്ങൾ ക്ഷേത്ര കമ്മിറ്റി മുന്നോട്ട് വച്ചിരുന്നു.