തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി

single-img
9 June 2020

തമിഴ്‌നാട്ടില്‍ ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഈ മാസം 15ന് പുനരാരംഭിക്കാനിരുന്ന പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ എല്ലാ വിദ്യാര്‍ത്ഥികളെയും ജയിപ്പിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിക്കുകയായിരുന്നു. സംസ്ഥാനത്താകെ 12690 കേന്ദ്രങ്ങളിലായി ഒന്‍പത് ലക്ഷത്തിലധികം കുട്ടികളാണ് തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ എഴുതാനിരുന്നത്. നിലവില്‍ ഇന്ത്യയില്‍ മഹാരാഷ്ട്രയും ഗുജറാത്തും കഴിഞ്ഞാല്‍ ഏറ്റവും കൂടിയ നിരക്കില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്.

ഇനിയും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ പരീക്ഷ നടത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ നടത്തി ജീവന്‍ അപകടത്തിലാക്കുന്നു എന്നായിരുന്നു കോടതി നടത്തിയ വിമര്‍ശനം. മാത്രമല്ല, പരീക്ഷയുടെ കാര്യത്തില്‍ ജൂണ്‍ 11ന് വിശദീകരണം നല്‍കാനും മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ ചൊവ്വാഴ്ച സര്‍ക്കാര്‍ അവലോകന യോഗം ചേരുകയും പരീക്ഷ റദ്ദാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്. തമിഴ്നാട്ടില്‍ കൊവിഡ് വ്യാപന തോത് സമീപ ഭാവിയിലൊന്നും കുറയില്ലെന്ന് ആരോഗ്യ വിദഗ്ധരും എപ്പിഡമിയോളജിസ്റ്റുകളും അറിയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി എടപ്പാടി വ്യക്തമാക്കി.

അതേസമയം പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ നേടിയ ത്രൈമാസ, അര്‍ദ്ധ വാര്‍ഷിക പരീക്ഷകളില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ മാര്‍ക്ക് നിശ്ചയിക്കും. അവയില്‍ അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ മാര്‍ക്കില്‍ നിന്ന് 80 ശതമാനം വെയ്‌റ്റേജ് കണക്കാക്കും ത്രൈമാസ പരീക്ഷയുടെ മാര്‍ക്കിന് 20 ശതമാനം വെയ്‌റ്റേജും കണക്കാക്കിയായിരിക്കും മാര്‍ക്ക് നല്‍കുന്നത്. മുന്‍പ് തെലങ്കാന സര്‍ക്കാരും പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.