ലോക്ക്ഡൗണില്‍ എല്ലാവരും തകര്‍ന്നപ്പോള്‍ ലാഭം നേടിയത് പാര്‍ലെ ജി ബിസ്‌കറ്റ് കമ്പനി മാത്രം; ആ രഹസ്യം ഇതാണ്

single-img
9 June 2020

രാജ്യത്തെ എല്ലാ രംഗവും ലോക്ക് ഡൗണിൽ വൻ തകര്‍ച്ച നേരിട്ടപ്പോള്‍ ലാഭം നേടിയത് പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനി മാത്രം. ലോക്ക് ഡൌൺ സമയമാണ് തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിറ്റുവരവ് ഈ കമ്പനി ഇതുവരെ സ്വന്തമാക്കിയത്. പക്ഷേ തങ്ങളുടെ വില്‍പ്പന സംബന്ധിച്ച യഥാര്‍ത്ഥ കണക്ക് കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും കഴിഞ്ഞ 80 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ വിറ്റുവരവാണ് മാര്‍ച്ച്, ഏപ്രില്‍ മെയ് മാസങ്ങളിലായി കമ്പനി സ്വന്തമാക്കിയത്.

പ്രധാനമന്ത്രി രാജ്യമാകെ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റതൊഴിലാളികള്‍ നാട് ലക്ഷ്യമാക്കി നീങ്ങിയപ്പോള്‍ കയ്യിലെല്ലാം പാര്‍ലെ ജിയുടെ അഞ്ചുരൂപയുടെ പാക്കറ്റെങ്കിലും ഉണ്ടായിരുന്നു. അതേപോലെതന്നെ വീട്ടിലെ ഭക്ഷണ സാമഗ്രികളുടെ കൂട്ടത്തില്‍ പാര്‍ലെ ജി സംഭരിച്ചപ്പോള്‍, ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ഇവ ചാക്കുകണക്കിനാണ് വിതരണംചെയ്തത്. ഇതുവഴി ലോക്ക് ഡൌൺ സമയം വിപണിവിഹിതത്തില്‍ അഞ്ചുശതമാനം വര്‍ദ്ധനവാണ് കമ്പനിരേഖപ്പെടുത്തിയത്.

ഈ കാലയളവിൽ തങ്ങളുടെ വളര്‍ച്ചയുടെ 90ശതമാനംവിഹിതവും പാര്‍ലെ ജിയുടെ വില്പനയിലൂടെയാണെന്നും കമ്പനി പറയുന്നു. ലോക്ക്ഡൗണില്‍ ഓരോ സംസ്ഥാനങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് യാത്രാസൗകര്യമുള്‍പ്പടെയുള്ളവ നല്‍കിയത് ഉത്പാദനംവര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അവസാന രണ്ടുവർഷം ഗ്രാമീണമേഖലയില്‍ വിതരണശൃംഖല വര്‍ദ്ധിപ്പിക്കാന്‍ കമ്പനി ശ്രമിച്ചത് പിന്നീടുവന്ന ലോക്ക്ഡൗണ്‍ കാലയളവില്‍ ഗുണകരമായതായി പാര്‍ലെ പ്രൊഡക്ട്‌സിന്റെ കാറ്റഗറി വിഭാഗം തലവനായ മയന്‍ക് ഷാ പറഞ്ഞു.