അവിശ്വസനീയം; ആ ഷോർട്ട് ഫിലിമിറങ്ങി രണ്ടു ദിവസം കഴിയുന്നതിനു മുമ്പേ മൂവാറ്റുപുഴയിൽ ആ സംഭവം യാഥാർത്ഥ്യമായി

single-img
9 June 2020

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് കേരളത്തിൽ വലിയ കോളിളക്കമാണുണ്ടാക്കിയത്. പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിൽ കഴിഞ്ഞ ദിവസം  മൂവാറ്റുപുഴ സ്വദേശി അഖിലിന് പെൺകുട്ടിയുടെ സഹോദരൻ വെട്ടിപ്പരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ടു ദിവസങ്ങൾക്കു മുമ്പിറങ്ങിയ ഒരു ഷോർട്ട് ഫിലിം ചർച്ചയാകുകയാണ്. ജസ്റ്റിൻ വർഗ്ഗീസ് ചെയ്ത ഒരു മിനിട്ടു മാത്രം ദെെർഘ്യമുള്ള ഷോർട്ട് ഫിലിമാണ് മൂവാറ്റുപുഴ സംഭവത്തെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

കാമുകിയെ പ്രണയിച്ചിതിൻ്റെ പേരിൽ ആക്രമണത്തിനിരയായ ഒരു വ്യക്തിയുടെ മനോഗതങ്ങളിലൂടെയാണ് ഷോർട്ട് ഫിലിം കടന്നു പോകുന്നത്. ഈ ഷോർട്ട് ഫിലിമിന് മൂവാറ്റുപുഴ സംഭവവുമായി സാമ്യങ്ങളേറെയാണ്. ഷോർട്ട് ഫിലിം പുറത്തിറങ്ങി രണ്ടു ദിവസത്തിനുള്ളിൽ തന്നെ അത് ജീവിതത്തിൽ ആവർത്തിച് സംഭവം അവിശ്വസനീയതോടെയാണ് പ്രേക്ഷകർ നോക്കിക്കാണുന്നത്. 

ഞാൻ ചെയ്ത ഒരു 1 minute ഷോർട്ട് ഫിലിം ആണ്. കണ്ട് അഭിപ്രായം അറിയിക്കുക. ഇഷ്ടമായാൽ share ചെയ്യുക. Thanks. 😊'തുടർച്ച'YouTube link- https://youtu.be/5MIWU6tAqJE#Thudarcha #shortfilm

Posted by Justin Varghese on Friday, June 5, 2020

പെൺകുട്ടിയെ പ്രണയിച്ചതിൻ്റെ പേരിൽ ഇക്കഴിഞ്ഞ ഏഴാം തീയതി രാത്രിയാണ് അഖിലിനു നേരേ പെൺകുട്ടിയുടെ സഹോദരൻ്റെ ആക്രമണമുണ്ടാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിലിന്‍റെ ആരോഗ്യനില തൃപ്തികരമാണ്. ശസ്ത്രക്രിയക്ക് ശേഷം നില ഗുരുതരമായതിനാല്‍ അഖിലിനെ കോട്ടയം മെഡിക്കൽ കോളേജിലെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. 

പെൺകുട്ടിയുടെ സഹോദരനായ കറുകടം സ്വദേശി ബേസിൽ എൽദോസാണ് അഖിലിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ബേസിലിന്‍റെ സഹോദരിയെ അഖിൽ പ്രണയിച്ചതിന്‍റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തില്‍ അഖിലിന്‍റെ കഴുത്തിലും കയ്യിലും വെട്ടേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വെട്ടേറ്റിട്ടുണ്ട്. ബേസിലിനൊപ്പം എത്തിയ സുഹൃത്തും പൊലീസിൻ്റെ പിടിയിലായിട്ടുണ്ട്. 

ഏഴാം തീയതി വൈകിട്ടാണ് മൂവാറ്റുപുഴയിലെ മെഡിക്കല്‍ സ്റ്റോറിലെത്തിയ അഖിലിനെയും സുഹൃത്തിനെയും മറ്റൊരു ബൈക്കിലെത്തിയ ബേസില്‍ വെട്ടിയത്. സഹോദരിയുമായുള്ള പ്രണയമാണ് കൊലപാതക ശ്രമത്തിന് പിന്നിലെ കാരണം. ബേസില്‍ വടിവാളുമായി വീട്ടില്‍ നിന്നിറങ്ങിയപ്പോള്‍ സഹോദരി അഖിലിനെ വിളിച്ചറിയിച്ചിരുന്നുവെങ്കിലും അഖിൽ അത് കാര്യമായി എടുത്തിരുന്നില്ല. ടൗണില്‍ വെച്ച് ഇത്തരത്തിലൊരു കൊലപാതകശ്രമം നടക്കുമെന്ന് അഖിലും പ്രതീക്ഷിച്ചിരുന്നില്ലെന്നുള്ളതാണ് വാസ്തവം. 

എന്നാൽ കൊല്ലണമെന്ന ഉദേശത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരുൺ വെളിപ്പെടുത്തി. ബേസിലിന്‍റെ സഹോദരിയും അഖിലും പ്ലസ്ടുവിന് സഹപാഠികളായിരുന്നുവെന്നും ബേസിൽ ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നുവെന്നും ബേസിലിൻ്റെ സൃഹൃത്ത് പറയുന്നു.  ബൈക്കിലെത്തിയ ബേസില്‍ രണ്ട് കയ്യിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ച് അഖിലിനെ വെട്ടുകയായിരുന്നു. കൈ കൊണ്ട് തടുത്തതുകൊണ്ടാണ് തലയിൽ കാര്യമായി പരിക്കേൽക്കാതിരുന്നതെന്നാണ് പൊലീസ് പറയുന്നത്. 

അഖിലിൻ്റെ കൈ, പുറം, ചുമൽ എന്നിവിടങ്ങളിൽ വെട്ടേറ്റു. തടയാൻ ശ്രമിച്ചപ്പോൾ ബേസിൽ തനിക്കു നേരെ തിരിയുകയായിരുന്നുവെന്നും താൻ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അഖിലിന്‍റെ സുഹൃത്ത് പ്രതികരിച്ചു. ദുരഭിമാന കൊലപാതക ശ്രമമാണ് മൂവാറ്റുപുഴയിൽ നടന്നതെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നതെങ്കിലും ദുരഭിമാന കൊലപാതക ശ്രമമല്ലെന്നാണ് ആലുവ റൂറൽ എസ് പി കെ കാർത്തിക് വ്യക്തമാക്കിയിരിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം.