ഇനിമുതൽ ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് വേണ്ട

single-img
9 June 2020

ഓട്ടോറിക്ഷ ഓടിക്കാന്‍ ലൈസന്‍സ് ഉള്ളവര്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് കൂടി എടുക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി. ഈ വ്യവസ്ഥ ഒഴിവാക്കിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. 

 2019 ജനുവരി 1 മുതല്‍ പുതിയ ലൈസന്‍സുകള്‍ കേന്ദ്രീകൃത സംവിധാനമായ സാരഥി മുഖേനയാണു നല്‍കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമവും സുപ്രീംകോടതി വിധിയും അനുസരിച്ച് സാരഥി സോഫ്റ്റ്‌വെയറില്‍ ഓട്ടോറിക്ഷ എന്ന വിഭാഗം ഉള്‍പ്പെടുത്തിയിട്ടില്ല.

നിലവില്‍ ഓട്ടോറിക്ഷ ലൈസന്‍സ് ഉള്ളവരെ ഇ-റിക്ഷ വിഭാഗത്തിലാണു സാരഥിയില്‍ രേഖപ്പെടുത്തത്. എങ്കിലും ഈ ലൈസന്‍സ് ഉപയോഗിച്ച് പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷ തുടര്‍ന്നും ഓടിക്കാം. ഇവര്‍ എല്‍എംവി ലൈസന്‍സ് എടുക്കേണ്ടതില്ല. 2019 ജനുവരി ഒന്നിനു മുന്‍പ് ഓട്ടോറിക്ഷ ലൈസന്‍സ് എടുത്തവര്‍ക്കാണ് ഇളവെന്നും അദ്ദേഹം അറിയിച്ചു.