12 ദിവസം കൊണ്ട് കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിയായി: നിലവിലുള്ളത് ഗുരുതരമായ സാഹചര്യം

single-img
9 June 2020

കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് ഇന്നലെ 91 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ 2005 പേർക്കാണ് ഇതിനോടകം രോ​ഗം സ്ഥിരീകരിച്ചത്. 1174 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 27പേർ തൃശൂർ ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 13 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള എട്ട് പേർക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള അഞ്ച് പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള നാല് പേർക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും, വയനാട് ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും, പാലക്കാട് ജില്ലയിൽ നിന്ന് ഒരാൾക്കും ഇന്നലെ രോ​ഗബാധ കണ്ടെത്തി.

ജനുവരി 30നാണ് കേരളത്തിൽ ആദ്യ രോഗബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം 27ന് രോ​ഗികളുടെ എണ്ണം ആയിരം കടന്നെങ്കിൽ പിന്നീടുള്ള 12 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം ഇരട്ടിയായി. ഈ രണ്ടാഴ്ചയ്ക്കിടയിൽ മരണവും ഇരട്ടിയായി. മലപ്പുറം (163), പാലക്കാട് (158), തൃശൂർ (114) ജില്ലകളിൽ നിലവിൽ നൂറിലേറെ പേർ ചികിത്സയിലുണ്ട്.

വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഇതുവരെ 814 പേരാണ് രോഗമുക്തരായത്. ഇന്നലെ മാത്രം ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.