രണ്ടും മൂന്നുമല്ല, കെപിസിസി പട്ടികയിൽ 90 സെക്രട്ടറിമാർ

single-img
9 June 2020

കെ.പി.സി.സിയുടെ പുതിയ സെക്രട്ടറിമാരുടെ പട്ടിക ദിവസങ്ങൾക്കകം ഹൈക്കമാൻഡ് പ്രഖ്യാപിച്ചേക്കുമെന്നു സൂചനകൾ സംസ്ഥാനനേതൃത്വം തയാറാക്കി അയച്ച പട്ടികയിൽ 90 ഓളം പേരുകൾ ഇടംപിടിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഈ പട്ടികയിൽ ഹൈക്കമാൻഡ് ചില കുറവുകൾ വരുത്താനോ, അതേപടി അംഗീകരിക്കാനോ ഇടയുണ്ടെന്നും മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

60 അംഗ എക്സിക്യൂട്ടീവാണ് നിലവിൽ പട്ടികയിലുള്ളത്. എന്നാൽ സെക്രട്ടറിമാർ എക്സിക്യൂട്ടീവിന്റെ ഭാഗമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് ജനറൽസെക്രട്ടറിമാരെ കൂടി ഉൾപ്പെടുത്താനും സംസ്ഥാനനേതൃത്വം പറഞ്ഞിട്ടുണ്ട്. കെ. മുഹമ്മദ്കുട്ടി, വി.ജെ. പൗലോസ്, വിജയൻ തോമസ്, ദീപ്തി മേരി വർഗീസ്, പി.കെ. ജയലക്ഷ്മി എന്നിവരാണിവർ. 

യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് എം.പിയായ ബെന്നി ബെഹനാന് പകരം എം.എം. ഹസനെ പരിഗണിക്കുന്നുണ്ട്. പട്ടിക അംഗീകരിക്കുന്നതിനോടൊപ്പം തൃശൂർ, കോഴിക്കോട് ഡി.സി.സികൾക്ക് പുതിയ ദ്ധ്യക്ഷന്മാരുമെത്തും.

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ചില മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തി പുന:സംഘടിപ്പിക്കും. വി.എസ്. വിജയരാഘവൻ, അഡ്വ.കെ. ശ്രീധരൻ, വി.എ. മാധവൻ തുടങ്ങിയവർ ഈ പദവിയിലേക്ക് വന്നേക്കും. ചിലർ ഒഴിവാകുകയും ചെയ്യും. 

അതേസമയം പുതിയ പുന:സംഘടനയിലും തഴയപ്പെട്ടെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികൾ രംഗത്തിറങ്ങാനൊരുങ്ങുകയാണ്. മലബാറിലടക്കം തഴയപ്പെട്ടവരിൽ ഉറഞ്ഞുകൂടിയ പ്രതിഷേധം പരസ്യമായ പൊട്ടിത്തേറിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.