സമൂഹമാധ്യമങ്ങളിൽ വൈറലായി തൊടുപുഴയിലെ ഐശ്വര്യാ റായി

single-img
9 June 2020

ഒരു നിമിഷം ആരുമൊന്ന് സംശയിച്ചുപോകും. മുൻലോകസുന്ദരി ഐശ്വര്യ റായിയല്ലേ ഇതെന്ന്. തൊടുപുഴക്കാരുടെ സ്വന്തം ഐശ്വര്യ റായി സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഐശ്വര്യാ റായ് ബച്ചന്റെ രൂപസാദൃശ്യമുള്ള ഇടുക്കി തൊടുപുഴ സ്വദേശിനി അമൃതാ സജുവാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ടിക് ടോക്കില്‍  പന്ത്രണ്ട് ലക്ഷംപേര്‍ പിന്തുടരുന്ന യുവനടി സിനിമയിലും സാന്നിധ്യമായി തുടങ്ങി. കൂടുതല്‍ സിനിമാ അവസരങ്ങള്‍ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ തൊടുപുഴക്കാരി.

ഐശ്വര്യാറായിയുടെ കേവല രൂപസാദൃശ്യം മാത്രമല്ല അവരുടെ ചലച്ചിത്ര രംഗങ്ങള്‍ തകര്‍ത്തഭിനയിക്കുകയും ചെയ്താണ് അമൃതാ സജു ടിക്ടോക്കിൽ വൈറലായത്. ടിക് ടോക്കിലെ ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത് അമ്മൂസ് അമൃതയെന്നാണ്.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത പരസ്യ ചിത്രങ്ങളിലും, ഏതാനും സിനിമകളിലും മുഖം കാണിച്ചിട്ടുണ്ട്.  20 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ തമിഴ്ചിത്രം കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനിലെ  ഐശ്വര്യയുടെ അഭിനയം അമൃത   ടിക്ടോക്കിലേയ്ക്ക് പകര്‍ത്തിയതാണ് വൈറലായത്.അനിയത്തി അപര്‍ണയുടെ സഹായത്തോടെയാണ് ചിത്രീകരണം. പിക്കാസോ എന്ന ചിത്രത്തില്‍ നായികയായെത്തിയ അമൃത, കൂടുതല്‍ സിനിമാ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.