മുസ്ലീങ്ങൾക്ക് ചികിത്സ കൊടുക്കില്ലെന്ന് വാട്സാപ്പിൽ ജീവനക്കാരുടെ ചർച്ച; രാജസ്ഥാനിലെ ആശുപത്രിയ്ക്കെതിരെ അന്വേഷണം

single-img
8 June 2020

ജയ്പ്പൂർ: മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവർക്ക് ചികിത്സ കൊടുക്കില്ലെന്ന് സ്വകാര്യ ഗ്രൂപ്പിൽ വാട്സാപ്പിൽ ആശുപത്രി ജീവനക്കാരുടെ പ്രഖ്യാപനം. രാജസ്ഥാനിലെ ചുരു ജില്ലയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരാണ് വാട്സാപ്പ് ഗ്രൂപ്പിൽ മുസ്ലീങ്ങൾക്ക് ചികിത്സ നൽകരുതെന്ന് പറഞ്ഞത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്.

ചുരുവിലെ ശ്രീ ചന്ദ് ബരാദിയ രോഗ് നിദാൻ കേന്ദ്ര എന്ന സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ അടക്കമുള്ള ജീവനക്കാരുടെ മുസ്ലീം വിരുദ്ധ ചാറ്റ് ആണ് പുറത്തായത്.

“നാളെ മുതൽ മുസ്ലീം രോഗികളുടെ എക്സ്‌റേ ഞാൻ ചെയ്യില്ല, ഇതെന്റെ ശപഥമാണ്.”

എന്നായിരുന്നു ബരാദിയ റൈസ് എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ പ്രഖ്യാപനം.

“മുസ്ലിം രോഗികളെ നോക്കുന്നത് നിർത്തണം” എന്നായിരുന്നു അടുത്ത മെസേജെങ്കിൽ ആശുപത്രിയിലെ വനിതാ ഡോക്ടറുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു:

“ഹിന്ദുക്കൾ കോവിഡ് പോസിറ്റീവ് ആയാൽ മുസ്ലീം ഡോക്ടർമാർ ഹിന്ദു രോഗിയെ നോക്കില്ല. മുസ്ലീങ്ങളെ ഞാൻ ഒപിയിൽ പരിശോധിക്കില്ല. മാഡം ഇവിടെയില്ല എന്ന് പറഞ്ഞാൽ മതി.”

ഈ വനിതാ ഡോക്ടർ ആശുപത്രിയുടമയായ സുനിൽ ചൌധരിയുടെ ഭാര്യയാണെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ പരാതി ലഭിച്ചതിനാൽ ആശുപത്രിയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

സ്വകാര്യ ആശുപത്രിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഒരു പ്രത്യേക മതത്തിനെതിരെ വിവേചനപരമായ സന്ദേശങ്ങൾ പങ്കുവെച്ചതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിക്കുന്നതായാണ് പൊലീസിന് പരാതി ലഭിച്ചത്. കോവിഡ് ലോക്ക് ഡൌൺ കാലത്താണ് ഈ സന്ദേശങ്ങൾ ഷെയർ ചെയ്തതെന്ന് കരുതുന്നതായി സർദാർ ശെഹർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രമേഷ് പന്നു ദേശീയമാധ്യമമായ ‘ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു. ഇതിൽ പല മെസേജുകളും അയച്ചിരിക്കുന്നത് ആശുപത്രിയുടമയായ ഡോ. സുനിൽ ചൌധരിയുടെ ഭാര്യ ഡോ. ഭഗവതി ചൌധരിയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ ആരോപണങ്ങൾ ഭഗവതി ചൌധരി നിഷേധിച്ചു. സ്ക്രീൻഷോട്ടുകളിൽ കാണുന്ന മെസേജുകൾ താൻ അയച്ചവയല്ലെന്നാണ് ഭഗവതി ചൌധരി വാദിക്കുന്നത്. ഈ മെസേജുകളെക്കുറിച്ച് തനിക്കറിയില്ലെന്നാണ് അവർ മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ഭഗവതി ചൌധരിയുടെ വാദത്തിന് കടകവിരുദ്ധമായ പ്രതികരണമാണ് സുനിൽ ചൌധരി മാധ്യമങ്ങളോട് നടത്തിയത്. സ്ക്രീൻഷോട്ടുകളിൽ കാണുന്ന മെസേജുകൾ ഒന്നരമാസത്തിലധികം പഴക്കമുള്ളവയാണെന്നും തബ്ലീഗ് ജമാ‍അത്ത് പ്രവർത്തകർ വഴി കോവിഡ് പരന്നതായുള്ള വാർത്ത വന്നകാലത്ത് അതിനോടനുബന്ധിച്ചുള്ള ചർച്ചകളായിരുന്നു അവയെന്നും അദ്ദേഹം പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തന്റെ ആശുപത്രിയിലെ ജീവനക്കാർ നടത്തിയ പരാമർശം ഏതെങ്കിലും മതവിഭാഗത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് താൻ മാപ്പ് ചോദിക്കുന്നുവെന്ന് സുനിൽ ചൌധരി ഫെയ്സ്ബുക്കിലെഴുതിയുഅ വിശദീകരണക്കുറിപ്പിൽ പറയുന്നു.