കണക്കുകൾ ചോദിക്കേണ്ട, പറയില്ല: പദ്മനാഭസ്വാമി ക്ഷേത്രത്തെ സംഘപരിവാർ കേന്ദ്രമാക്കുന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ നിലപാടിനെതിരെ ജീവനക്കാരുടെ സമരം എട്ടാം ദിവസത്തിലേക്ക്

single-img
8 June 2020

ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളി ദ്രോഹ നടപടികൾക്കും അഴിമതിക്കുമെതിരെ ക്ഷേത്ര ജീവനക്കാർ പ്രഖ്യാപിച്ച അനിശ്ചിതകാല പ്രതിഷേധ സമരം എട്ടാം ദിവസത്തിലേക്ക്. കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ലായെന്നിരിക്കെ ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ഓഫീസർ വെട്ടിക്കുറച്ചു എന്നടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം നടക്കുന്നത്. സംഘപരിവാർ അനുകൂലികൾക്ക് ക്ഷേത്രകാര്യങ്ങളിൽ കടന്നു കയറാനുള്ള അവസരമൊരുക്കുന്ന നിലപാടാണ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്ന് ക്ഷേത്ര ജീവനക്കാർ പറയുന്നു. 

ഏകപക്ഷീയമായ ഭരണമാണ് എക്സിക്യുട്ടീവ് ഓഫീസറുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. സംഘപരിവാർ സംഘടകൾക്കും അനുകൂല യൂണിയനും ആവശ്യത്തിലധികം സഹായങ്ങൾ എക്സിക്യൂട്ടീവ് ഓഫീസർ ചെയ്തുകൊടുക്കുന്നുണ്ട്. മറ്റ് അർഹരായവരുടെ ആനുകൂല്യങ്ങൾ എടുത്തുകളഞ്ഞുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ഇവിടെ നടപ്പിലാക്കുന്നത്. അനർഹരായ സംഘപരിവാർ അനുകൂലികൾ ക്ഷേത്രത്തിൻ്റെ ഭരണകാര്യങ്ങളിൽ വരെ ഇടപെട്ടു തുടങ്ങിയിരിക്കുന്നുവെന്നും ശ്രീ പത്മനാഭ സ്വാമി ടെമ്പിൾ എംപ്ലോയീസ് യൂണിയൻ ആരോപിക്കുന്നു. 

ക്ഷേത്രകാര്യങ്ങൾക്കായി സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും അനുവദിച്ച തുകകളുടെ കണക്കുകൾ പോലും എക്സിക്യൂട്ടീവ് ഓഫീസർ വെളിപ്പെടുത്താൻ തയ്യാറാകുന്നില്ലെന്നും എസ്പിടിഎയു പറയുന്നു. ക്ഷേത്രം വിവരാവകാശ പരിധിയിൽ വരില്ലെന്ന വാദമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ളവർ കണക്കുകളും കാര്യങ്ങളും അറിയേണ്ടതില്ലെന്നും ഇദ്ദേഹം പറയുന്നു. 

ബിഎംഎസ്- ഐഎൻടിയുസി യൂണിയനുകൾ ഒരുമിച്ചു നിന്നാണ് തരഞ്ഞെടുപ്പിൽ മത്സരിച്ചത്. എന്നാൽ അവർ തോൽക്കുകയായിരുന്നു. ഐഎൻടിയുസി യൂണിയൻ ഇവിടെ ദുർബലമാണ്. എന്നാൽ ബിഎംഎസിന് തെരഞ്ഞെടുപ്പിൽ 50 വോട്ടുകൾ ലഭിച്ചിരുന്നു. ഗുരുവായൂർ മോഡൽ ഒരു ഭരണസമിതി കൊണ്ടുവരികയും അങ്ങനെ അതിനുള്ളിൽ കടന്നുകയറുകയും ചെയ്യുകയാണ് സംഘപരിവാർ സംഘടനകളുടെ ലക്ഷ്യം. ഇതിനായാണ് അവർ പ്രവർത്തനങ്ങൾ നടത്തുന്നത്. അതിനു സഹായിക്കുകയാണ് എക്സിക്യൂട്ടീവ് ഓഫീസറെന്നും ജീവനക്കാർ ആരോപിക്കുന്നു. 

ബിഎംസ്എ സംഘടനാഗംങ്ങളായ മുന്നുനാലു ദിവസവേതനക്കാരുടെ കെെയിലാണ് എക്സക്യൂട്ടീവ് ഓഫീസർ ക്ഷേത്രത്തിൻ്റെ കണക്കുകളും കാര്യങ്ങളും ഏൽപ്പിച്ചിരിക്കുന്നത്. ഇതിനെക്കൂടിയാണ് ഈ സമരത്തിലൂടെ ചോദ്യം ചെയ്യുന്നതെന്നും എസ്പിടിഎയു പറയുന്നു. എക്സിക്യൂട്ടീവ് ഓഫീസ് സ്വന്തം നിലയിൽ നിയമനങ്ങളും ക്ഷേത്രത്തിൽ നടത്തുന്നുണ്ട്. അദ്ദേഹം മുൻപിരുന്ന സപ്ലൈകോ ഓഫീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ക്ഷേത്രത്തിലെ ഓരോ പോസ്റ്റുകളിലും പ്രതിഷ്ഠിക്കുക ഇയാളുടെ പതിവാണെന്നും ആരോപണം ഉയരുന്നുണ്ട്. 

അനാവശ്യമായി മൂന്നു നാല് പേർക്ക് 25,000 രൂപ വീതം ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇദ്ദേഹം അധികാരം ഏറ്റെടുക്കുന്നതിനു മുൻപ് ഇത്തരം കാര്യങ്ങൾ ക്ഷേത്രത്തിൽ ഇല്ലായിരുന്നു. മുൻപ് ഇരുന്ന മാനേജർ ഒറ്റയ്ക്ക് ചെയ്യുന്ന ജോലി എക്സിക്യൂട്ടീവ് ഓഫീസറുടെ അടുപ്പക്കാരനായ മാനേജർ എത്തിയതോടെ പുതുതായി അഞ്ചുപേർക്ക് വീതിച്ചു നൽകുകയായിരുന്നു. വിദ്യാഭ്യാസമില്ലാത്ത ഒരു വ്യക്തിയെ മാനേജർ സ്ഥാനത്ത് പ്രതിഷ്ഠിച്ച നടപടിയെയും എസ്പിടിഎയു ചോദ്യം ചെയ്യുന്നുണ്ട്. പുതുതായി വന്ന മേജർ കർമ്മചാരി എന്ന് ആർഎസ്എസ് സംഘടനയുടെ സെക്രട്ടറിയാണ് എന്നുള്ളതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

ക്ഷേത്രത്തിൽ റിട്ടയർഡ് ചെയ്ത ജീവനക്കാർ എക്സിക്യുട്ടീവ് ഓഫീസറുടെ അടുപ്പക്കാരായതിനാൽ  കോവിഡ് സമയത്തും അനധികൃതമായി നിയമിക്കുകയായിരുന്നുവെന്നും എസ്പിടിഎയു എറയുന്നു. നൂറോളം പകരം ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് ഇങ്ങനെയൊരു നീക്കം എക്സിക്യൂട്ടീവ് ഓഫീസർ എടുത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ക്ഷേത്രത്തിൽ അടുത്തിടെ നടന്ന ലക്ഷദ്വീപത്തിന് നടത്തിയ അനധികൃത പിരുവുകളെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിരിക്കുകയാണ്. വിവരാവകാശ പ്രകരം വിവരങ്ങൾ ചോദിച്ചിട്ടും കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ എക്സിക്യൂട്ടീവ് ഓഫീസർ നൽകിയില്ല. ലക്ഷദീപത്തിൻ്റെ മറവിൽ നടത്തിയ അഴിമതിയെ കുറിച്ച് അന്വഷണം നടത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച്ച ക്ഷേത്ര വടക്കെനടയിൽ നടത്തിയ സമരത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി പി.രാജേന്ദ്രദാസ്, റ്റി.ആർ.അജയകുമാർ, കെ.എസ്.ബാബുരാജൻ, കെ.എസ്.അനിൽകുമാർ, ശരത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്.