കേരളം നടുങ്ങിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ വാദം തുടങ്ങുന്നു: ജോളി ഇന്ന് കോടതിയിലെത്തും

single-img
8 June 2020

കേരളം നടുങ്ങിയ കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രാഥമിക വിചാരണ നടപടികൾ  കോഴിക്കോട് സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും. ജയിലിലുള്ള ജോളി ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതക പരമ്പരയിലെ സിലി വധക്കേസാണ് ഇന്ന് പരിഗണിക്കുന്നത്. 

ഇന്ന് വാദം കേട്ട ശേഷം തുടർ വിചാരണ നടപടികൾ എന്നു തുടങ്ങണമെന്ന് കോടതി തീരുമാനിക്കും. രാജ്യത്ത് അങ്ങമാളമിങ്ങോളം ചർച്ചയായ കേസായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ആർക്കും സംശയം തോന്നാതെ വ്യത്യസ്ത ഘട്ടങ്ങളിലായാണ് ജോളി സ്വന്തം ഭർത്താവ് , ഇയാളുടെ അഛൻ, മാതാവ് ഉൾപ്പെടെ ആറ് പേരെ കൊന്നത്. മരണത്തിൽ സംശയം തോന്നിയ ജോളിയുടെ ഭർത്താവിന്റെ സഹോദരൻ ക്രൈംബ്രാഞ്ചിന് നൽകിയ പരാതിയാണ് അന്വേഷണത്തിലേക്ക് എത്തിയത്. 

ഇതോടെ കുഴിച്ച് മൂടിയ മൃതദേഹങ്ങൾ ഓരോന്ന് പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയാണ് കൊല്ലപ്പെട്ടവരുടെ മരണ കാരണം ഉള്ളിൽ വിഷം ചെന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. അന്വേഷണത്തിനൊടുവിൽ പൊലീസ് ജോളിയിൽ എത്തുകയായിരുന്നു. ഭർത്താവിന്റെ മദ്യപാനം, സ്ഥിരം വരുമാനം ഇല്ലാത്തത്, സ്വത്ത് തട്ടി എടുക്കൽ തുടങ്ങിയവയാണ് കൃത്യം ചെയ്യുന്നതിന് കാരണമായി ജോളി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിട്ടുള്ളത്. 

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യ ഭാര്യയായിരുന്ന സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളിൽ സയനൈഡ് നിറച്ചുനൽകി ജോളി ജോസഫ് ഇവരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ജോളിക്കു സയനൈഡ് എത്തിച്ചു നൽകിയ എം.എസ് മാത്യു, കെ. പ്രജികുമാർ എന്നിവരാണു കൊലപാതക പരമ്പരക്കേസിലെ രണ്ടും മൂന്നും പ്രതികൾ.