എവിടെയിരുന്നും ഇനി ഡ്രെെവിംഗ് ലെെസൻസ് പുതുക്കാം: സംസ്ഥാനത്തെ ഡ്രെെവിംഗ് ലെെസൻസുകൾ ഒരു കുടക്കീഴിൽ

single-img
8 June 2020

സംസ്ഥാനത്തെ 85 ലക്ഷം ഡ്രൈവിങ് ലൈസൻസുകൾ ഇനിമുതൽ രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് വിതരണശൃംഖലയായ ‘സാരഥി’യുടെ കീഴിലാവും. ഡേറ്റാ കൈമാറ്റം 80 ശതമാനം പൂർത്തിയായെന്നും പാലക്കാട്, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ ലൈസൻസ് വിവരങ്ങളാണ് ഇനി കൈമാറാനുള്ളതെന്നും അധികൃതർ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ നടപടികൾ പൂർത്തിയാകുമെന്നും അവർ അറിയിച്ചു. 

സാരഥിയിലേക്കെത്തിയ ഡ്രൈവിങ് ലൈസൻസുകൾ മറ്റേത് സംസ്ഥാനത്തും പുതുക്കാം. ഇതരസംസ്ഥാനങ്ങളിലെ മലയാളികൾക്ക് അവർ നിൽക്കുന്ന സ്ഥലത്തെ ഓഫീസുകളിൽ അപേക്ഷിക്കാം. സംസ്ഥാനത്തുകിട്ടുന്ന എല്ലാ സേവനങ്ങളും ഇതരസംസ്ഥാനങ്ങളിലും ലഭിക്കും. ലൈസൻസെടുത്ത ഓഫീസിൽത്തന്നെ അപേക്ഷ നൽകണമെന്ന നിബന്ധന ഇതോടെ അവസാനിക്കുകയാണ്. 

സാരഥിയിൽ ഉൾക്കൊള്ളിച്ച ലൈസൻസുകൾക്ക് സംസ്ഥാനത്ത് ഏതു ഓഫീസിലും അപേക്ഷ സ്വീകരിക്കും. വിദേശത്തുള്ളവർക്കും ഓൺലൈനിൽ ലൈസൻസ് പുതുക്കാം. സംസ്ഥാനത്തെ അതിഥിതൊഴിലാളികൾക്കും അവരുടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാൻ ഇവിടെ അപേക്ഷിക്കാമെന്നുള്ളതാണ് പ്രത്യേകത. 

മോട്ടോർവാഹനവകുപ്പിന്റെ ഓരോ ഓഫീസുകളും വെവ്വേറെ സീരിയൽ നമ്പറുകളിലാണ് ലൈസൻസ് നൽകിയിരുന്നത്. ഇതിനുപകരം കേന്ദ്രീകൃത നമ്പർ സംവിധാനം നിലവിൽവന്നു. ലൈസൻസിന്റെ ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാനത്തിന്റെ കോഡാണ്. അടുത്ത രണ്ട് അക്കങ്ങൾ ഓഫീസ് കോഡ്. അടുത്ത നാല് അക്കങ്ങൾ ലൈസൻസ് വിതരണംചെയ്ത വർഷം. പിന്നീടുള്ള ഏഴ് അക്കങ്ങൾ ലൈസൻസിന്റെ നമ്പർ. ഇപ്പോൾ പരമാവധി നാല് അക്ക നമ്പറുകളാണുള്ളത്. ഇവ ഏഴക്കം ആക്കാൻ തുടക്കത്തിൽ പൂജ്യം ഉപയോഗിക്കും.

 മോട്ടോർവാഹനവകുപ്പിന്റെ കൈവശമുള്ള ലൈസൻസ് സംബന്ധമായ ഡേറ്റ രാജ്യത്തെവിടെയും ഓൺലൈനിൽ ലഭിക്കും. ഇതരസംസ്ഥാനങ്ങളിൽ മോട്ടോർവാഹനനിയമങ്ങൾ ലംഘിച്ചാൽ പിഴ ഓൺലൈനിൽ വരും. എല്ലാസംസ്ഥാനങ്ങളിലെയും മോട്ടോർവാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥർക്ക് സാരഥിയിൽ ചെക്ക് റിപ്പോർട്ട് നൽകാൻ അധികാരമുണ്ട്. പിഴയടയ്ക്കാതെ മറ്റുസേവനങ്ങൾ ലഭ്യമാകില്ല. ഏതുസംസ്ഥാനത്തേക്കും പിഴ ഓൺലൈനിൽ അടയ്ക്കാം.വാഹനവിവരങ്ങൾ പൂർണമായും വാഹൻ എന്ന സോഫ്റ്റ്‌വേറിലേക്ക് ആദ്യഘട്ടത്തിൽ മാറിയിരുന്നു.