ഭാര്യയേയും മകളേയും രാത്രി മർദ്ദിച്ച് വീട്ടിൽ നിന്നും ഇറക്കിവിട്ടു: സിഐ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടതിൻ്റെ പേരിൽ പൊലീസിനെ ഫോണില്‍ അറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു

single-img
8 June 2020

ഭാര്യയും മകളും പൊലീസില്‍ തനിക്കെതിരെ പരാതി നല്‍കിയതിന്റെ മനോവിഷമത്തില്‍ പൊലീസിനെ ഫോണില്‍ വിളിച്ചറിയിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ചെമ്പഴത്തി ആഹ്ളാദപുരം രജുഭവനില്‍ ജെഎസ് രജുകുമാറാണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ രജുകുമാര്‍ ഭാര്യയെയും എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകളെയും മര്‍ദിച്ചിരുന്നു.  മകള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഉപയോഗിച്ചിരുന്ന ഫോണ്‍ കിണറ്റിലിട്ട ശേഷമായിരുന്നു മർദ്ദനം. വീട്ടില്‍ നിന്നിറങ്ങിയോടിയ അമ്മയും മകളും കാര്യവട്ടത്തെ ഒരഭയ കേന്ദ്രത്തില്‍ രാത്രികഴിച്ചുകൂട്ടി. 

രാവിലെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് സിഐ ഫോണ്‍ വിളിച്ച് രജുകുമാറിനോട് സ്‌റ്റേഷനിലേക്ക് വരാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അല്‍പസമയത്തിന് ശേഷം തിരിച്ചുവിളിച്ച രജുകുമാര്‍  താന്‍ വരുന്നില്ലെന്നും തൂങ്ങിമരിക്കാന്‍ പോകുകയാണെന്നും അറിയിച്ചു. 

ഉടന്‍ പൊലീസ് സംഘത്തോടൊപ്പം സിഐ വീട്ടിലെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍ രാജുവിനെ കണ്ടെത്തി. പൊലീസ് വാഹനത്തില്‍ കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.