കേന്ദ്ര സർക്കാർ അറിയാത്ത `കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ സ്കോളർഷിപ്പിന്´ രജിസ്റ്റർ ചെയ്യാൻ അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക്

single-img
8 June 2020

കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ സ്കോളർഷിപ്പ് എന്ന പേരിൽ സ്വകാര്യ സ്കോളർഷിപ്പ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുവാൻ അക്ഷയ കേന്ദ്രങ്ങളിൽ വൻ തിരക്ക്. രണ്ടാം ക്ലാസിനു മുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കേന്ദ്രസർക്കാർ വർഷംതോറും ഇരുപതിനായിരം രൂപയുടെ സ്കോളർഷിപ്പ് നൽകുന്നതായുള്ള പ്രചരണങ്ങൾ വിശ്വസിച്ചാണ് നിരവധിപേർ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നത്. സ്കോളർഷിപ്പിനായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണമെന്ന സന്ദേശം സമുഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. 

എന്നാൽ അക്ഷയ അടക്കമുള്ള ജനസേവന കേന്ദ്രങ്ങളിൽ രജിസ്ട്രേഷനായി എത്തിയവർ സ്കോളർഷിപ്പിനുള്ള സ്വകാര്യ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്തത്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പോലും തങ്ങൾ രജിസ്റ്റർ ചെയ്യുന്നത് സ്വകാര്യ വെബ്സൈറ്റിലാണെന്ന വിവരം അറിയില്ലെന്നുള്ളാണ് ഏറെ രസകരം. 

ഇത്തരത്തിൽ സ്വകാര്യബസ് സൈറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്തു രജിസ്റ്റർ ചെയ്യുന്നതിനായി 100 രൂപ മുതൽ 150 രൂപ വരെയാണ് പല സ്ഥാപനങ്ങളും ഈടാക്കുന്നതെന്ന പരാതിയും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ നോയ്ഡ കേന്ദ്രമാക്കിയുള്ള ഒരു സ്വകാര്യ വെബ്സൈറ്റിലാണ് പേരുകൾ രജിസ്റ്റർ ചെയ്യുന്നത്. 

സമാനമായ രീതിയിൽ മറ്റൊരു തട്ടിപ്പും ഡിസംബർ മാസത്തിൽ അരങ്ങേറിയിരുന്നു. പെൺകുട്ടികളുള്ളവർക്കായി കേന്ദ്രസർക്കാർ 20,000 രൂപ നൽകുന്നുവെന്നും അതിനായി പോസ്റ്റ് ഓഫീസുകളിലും താലൂക്ക് ഓഫീസിലും അപേക്ഷ നൽകണമെന്നുമായിരുന്നു അമൂഹമാധ്യമങ്ങളിലൂടെ അന്ന് പ്രചരിച്ചത്. നൂറുകണക്കിനു പേരാണ് താലൂക്ക് ഓഫീസുകളിൽ അന്ന് അപേക്ഷയുമായി എത്തിയതും സംഭവം തട്ടിപ്പാണെന്നു മനസ്സിലാക്കി മടങ്ങിയതും.