സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ സര്‍വ്വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി

single-img
7 June 2020

സര്‍ക്കാര്‍ ജോലി തനിക്ക് ലഭിക്കാൻ വേണ്ടി സര്‍വ്വീസിലുള്ള അച്ഛനെ കൊലപ്പെടുത്തി മകന്‍. അമ്മയും സഹോദരനും അറിഞ്ഞായിരുന്നു മകൻ ഈ കൊലപാതകം നടത്തിയത്. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. കഴിഞ്ഞ മാസം 26 ന് രാത്രി ഉറങ്ങുന്നതിനിടെയാണ് 25 കാരനായ മകൻ 55 വയസ്സുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്.

ഇദ്ദേഹത്തിന് ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് കുടുംബാംഗങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. പക്ഷെ മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയുമായിരുന്നു.

നിയമപ്രകാരമുള്ള ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരൻ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. പിതാവ് ഉറങ്ങുന്ന നേരം തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. താൻ അമ്മയുടേയും സഹോദരന്റേയും അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. പോലീസ് സഹോദരങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ അമ്മ നിലവിൽ ഒളിവിലാണ്.