കഠിനംകുളം കൂട്ട ബലാത്സംഗം; ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

single-img
7 June 2020

തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ കേരളാ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പോലീസ് അന്വേഷണത്തിൽ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വരെ ഏന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് ഡിജിപി ആര്‍ ശ്രീലേഖയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് ആറ് പ്രതികളെ അറസ്റ്റ് ചെയ്തതായി തിരുവനന്തപുരം റൂറല്‍ എസ്.പി അറിയിച്ചു. നിലവിൽ യുവതിയും കുട്ടികളുംപൂർണ്ണമായും സുരക്ഷിതരാണെന്ന് കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതിയോട് ബീച്ചിലേക്ക് പോകാമെന്ന് പറഞ്ഞാണ് ഭർത്താവ് കൂട്ടിക്കൊണ്ടുപോയത്.

യുവതിയെയും രണ്ട് മക്കളെയും ഭര്‍ത്താവ് പ്രതിയായ കഠിനംകുളത്തെ രാജന്‍ സെബാസ്റ്റിയന്റെ വീട്ടില്‍ എത്തിച്ചശേഷം സുഹൃത്തുക്കളും ചേര്‍ന്ന് യുവതിക്ക് മദ്യം നല്‍കി. തുടർന്ന് സംഘത്തിലെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ മൂത്ത മകനെയുമെടുത്ത് യുവതി ഇറങ്ങി ഓടി. ഇളയ കുട്ടി നേരത്തെ ഭര്‍ത്താവിനൊപ്പം പോയിരുന്നു. പിറകെ എത്തിയവർ ഭര്‍ത്താവ് പ്രശ്‌നമുണ്ടാക്കുകയാണെന്നും തിരികെയെത്തിക്കണമെന്നും നിര്‍ബന്ധിച്ചു. അവിടെ നിന്നും യുവതിയെ ഇവര്‍ ഓട്ടോയില്‍ കയറ്റി തൊട്ടടുത്ത കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.