ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു: സ്പെയിനെ മറികടന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത്

single-img
7 June 2020

കൊറോണ ബാധിതരുടെ എണ്ണത്തിൽ ജോൺസ് ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകളിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം. ലോകത്ത് കൊറോണ വൈറസ്  കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ 2,45,670 കേസുകളുമായി സ്പെയിനെ മറികടന്നാണ് ശനിയാഴ്ച ഇന്ത്യ അഞ്ചാമതായത്. പട്ടികയിൽ യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് നിലവിൽ ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കിൽ രേഖപ്പെടുത്തുന്നതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

24 മണിക്കൂറിനിടെ 294 പേരാണ് രാജ്യത്ത് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 6,642 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് രോഗികളുടെ എണ്ണം 9,000 ത്തിലേറെ രേഖപ്പെടുത്തുന്നത്.

24 മണിക്കൂറിനിടെ ഇന്ത്യയിൽ 9,887 പേർക്കാണു പുതുതായി രോഗം ബാധിച്ചതെന്നാണ് ശനിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്. രോഗികളുടെ എണ്ണത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ വര്‍ധനയാണിത്. സ്പെയിനിൽ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.  

അതേസമയം രോഗം ഭേദപ്പെടുന്നവരുടെ ശതമാനത്തിൽ ശനിയാഴ്ച നേരിയ കുറവുണ്ടായി. വെള്ളിയാഴ്ച 48.27 ശതമാനം ആയിരുന്നത് ഇപ്പോൾ 48.20 ശതമാനമാണ്. 

രോഗം തുടക്കത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയെ വെള്ളിയാഴ്ച ഇന്ത്യ മറികടന്നിരുന്നു. ജോൺ ഹോപ്കിൻസ് സർവകലാശാലയുടെ കണക്ക് പ്രകാരം വെള്ളിയാഴ്ച അർധ രാത്രിവരെ ഇന്ത്യയിലെ കോവിഡ് രോഗികൾ 2,35,769 ഉം ഇറ്റലിയിലേത് 2,34,531 ഉം ആയിരുന്നു. രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും 1 ലക്ഷത്തിൽ അധികം പേർ കോവിഡ് ബാധിച്ചു ചികിൽസയിലുണ്ട്.