ഐപിഎല്ലിൽ ഉള്ളതിനേക്കാൾ മികച്ച ബൗളിങ് കാണാന്‍ സാധിക്കുക പാകിസ്താന്‍ സൂപ്പര്‍ ലീഗിൽ: വസീം അക്രം

single-img
6 June 2020

ഇന്ത്യയിലെ ക്രിക്കറ്റ് മാമാങ്കമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കാള്‍ മികച്ച നിലവാരമുള്ള ബൗളിങ് കാണാന്‍ സാധിക്കുന്നത് പാകിസ്താന്‍ സൂപ്പര്‍ ലീഗിലാണെന്ന് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസ പേസറുമായ വസീം അക്രം. “കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ഞാന്‍ പിഎസ്എല്ലിന്റെ ഭാഗമാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളോട് ഞാന്‍ സംസാരിച്ചതിന്റെ ഭാഗമായി അവര്‍ പറഞ്ഞത് ഐപിഎല്ലിനേക്കാള്‍ പിഎസ്എല്ലിലെ ബൗളിങ്ങാണ് മികച്ചതെന്നാണ്”. ഒരു യുട്യൂബ് ചാനലിലൂടെയാണ് അക്രം തന്റെ അഭിപ്രായം പങ്കുവെച്ചത്.

ഐപിഎൽ മത്സരങ്ങളിൽ എല്ലാ ടീമിലും ഒരു ബൗളറെ മാത്രമാണ് കൂടുതലായി ആശ്രയിക്കുന്നത് എങ്കിൽ പിഎസ്എല്ലിലെ ബൗളര്‍മാര്‍ അങ്ങനെയല്ലെന്നാണ് വിദേശ താരങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് വ്യക്തമാകുന്നതെന്നും അക്രം സൂചിപ്പിച്ചു. അതേപോലെ തന്നെ വരാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ചും അക്രം അഭിപ്രായം പങ്കുവെച്ചു.

ഇപ്പോഴത്തെ ലോകമാകെയുള്ള പശ്ചാത്തലത്തിൽ ലോകകപ്പ് നടത്തുക പ്രയാസമാണെന്നും അനുകൂല സമയത്തിനായി കാത്തിരിക്കാന്‍ ഐസിസി തയ്യാറാവണമെന്നുമാണ് അക്രത്തിന്റെ അഭിപ്രായം. ഈ വർഷം ഒക്ടോബറിലും നവംബറിലുമായി ഓസ്‌ട്രേലിയയിലാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇത് മാറ്റിവെച്ചേക്കുമെന്നാണ് വിവരം.