സൂരജ് കുട്ടിക്കാലം മുതൽ നായ്ക്കളേയും മറ്റു ജീവികളേയും വീട്ടിൽക്കൊണ്ടുവരുമായിരുന്നു: പാമ്പുകളേയും കൊണ്ടുവന്നിട്ടുണ്ടെന്ന് മാതാപിതാക്കൾ

single-img
6 June 2020

അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സൂരജിന്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. കേസിലെ പ്രതികളായ സൂരജിനും പിതാവ് സുരേന്ദ്രനും ഒപ്പം ഇരുത്തിയായിരുന്നു ആദ്യഘട്ട ചോദ്യം ചെയ്യൽ. തെളിവ് നശിപ്പിക്കൽ, കേസിലെ ഗുഢാലോചന എന്നിവ സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യൽ. 

അന്വേഷണ സംഘത്തിന്റെ പല ചോദ്യങ്ങൾക്കും പൊട്ടികരച്ചിലായിരുന്നു മറുപടി. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും തങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് ഇവർ ആവർത്തിച്ചു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണു വിവരം. സൂരജിന്റെ ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി എടുക്കും. 

ചെറുപ്രായംമുതലേ ജന്തുക്കളോടു സ്‌നേഹവും കൗതുകവുമുള്ളയാളായിരുന്നു സൂരജ്. പലതരത്തിലുള്ള നായ്ക്കളെയും മറ്റു ജീവികളെയും വീട്ടില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാമ്പുകളെയും കൊണ്ടുവന്നത്. സൂരജിന്റെ വിനോദമായിട്ടുമാത്രമേ ഇതിനെ കണ്ടിട്ടുള്ളൂവെന്നാണ് അവരുടെ മൊഴി.ഉത്രയുടെ കൊലപാതകത്തെക്കുറിച്ച് തങ്ങള്‍ക്കറിയില്ലെന്നാണ് സൂരജിന്റെ ബന്ധുക്കളുടെ മൊഴി. 

റൂറല്‍ എസ്പി ഹരിശങ്കറിന്റെയും ഡിവൈഎസ്പി അശോകന്റെയും നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യൽ പത്തു മണിക്കൂറോളം നീണ്ടു. കഴിഞ്ഞ ദിവസം ഇരുവരെയും ഏഴു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. സ്വന്തം വീട്ടിലെ എസി മുറിയിൽ കിടന്നുറങ്ങിയിരുന്ന അഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭർത്താവ് സൂരജിനും ഒന്നരവയസ്സുള്ള മകനുമൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.