ഉത്രയുടെ സ്വർണ്ണാഭരണങ്ങൾ ഉപയോഗിച്ചിരുന്നത് സൂരജിൻ്റെ വീട്ടുകാർ: ചോദ്യം ചെയ്യലിനെത്തിയ സൂരജിൻ്റെ അമ്മ ഉത്രയുടെ മാല പൊലീസിനു കെെമാറി

single-img
6 June 2020

കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റു കൊല്ലപ്പെട്ട ഉത്രയുടെ സ്വർണ്ണാഭരണങ്ങളിൽ ചിലത് ഉപയേഗിച്ചിരുന്നത് സൂരജിൻ്റെ വീട്ടുകാർ. കഴിഞ്ഞ ദിവസം രാവിലെ ചോദ്യം ചെയ്യലിന് വിധേയയാകാൻ എത്തിയ രേണുക ഉത്രയുടെ മുന്നു പവന്റെ മാല തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് അത് പൊലീസിന് കൈമാറിയിരുന്നു. 

ഇതോടെ ഉത്രയുടെ 98 പവൻ സ്വർണത്തിന്റെ കണക്ക് ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്നലെ ഏഴുമണിവരെ സൂരജിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ശേഷം സൂരജിൻ്റെ അമ്മ രേണുകയെയും സഹോദരി സൂര്യയെയും വിട്ടയച്ചു.

അതേസമയം സൂരജ് ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് സംബന്ധിച്ച് തങ്ങൾക്ക് യാതൊരറിവും ഉണ്ടായിരുന്നില്ലെന്ന് സൂരജിന്റെ പിതാവ് സുരേന്ദ്രൻ, മാതാവ് രേണുക, സഹോദരി സൂര്യ എന്നിവർ ക്രൈംബ്രാഞ്ച് സംഘത്തോട് വെളിപ്പെടുത്തി. ഉത്ര മേയ് 6ന് രാത്രി സ്വന്തം വസതിയായഅഞ്ചൽ ഏറം വെള്ളശ്ശേരി വീട്ടിൽ വച്ച് മൂർഖന്റെ കടിയേറ്റു മരിച്ചതിനെ കുറിച്ചാണ് അറിയില്ലെന്ന നിലപാടിൽ ഇവർ ഉറച്ചു നിന്നത്.

കഴിഞ്ഞ ദിവസം ഇവർ മൂവരെയും ഒരുമിച്ചും വെവ്വേറെയും ചോദ്യം ചെയ്തപ്പോഴും നിലപാട് ആവർത്തിച്ചു. ആദ്യ തവണ തങ്ങളുടെ വീട്ടിൽ വച്ചു പാമ്പിന്റെ കടിയേറ്റപ്പോൾ അത് കടിപ്പിച്ചതാണെന്ന് അറിഞ്ഞില്ലെന്നും അവർ പറഞ്ഞു. അന്ന് ഉത്രയുടെ പാദത്തിൽ ചോര ഉണങ്ങിയ പാട് കണ്ടുവെന്നും താനാണ് ആ ഭാഗത്ത് ഷാൾ ഉപയോഗിച്ച് കെട്ടിയതെന്നും സുരേന്ദ്രൻ വെളിപ്പെടുത്തി. ഉത്ര വേദനകൊണ്ട് നിലവിളിച്ചപ്പോഴാണ് ആശുപത്രിയിൽ കൊണ്ടു പോയത്. 

ഈ സംഭവത്തിനും ദിവസങ്ങൾക്ക് മുമ്പ് വീടിന്റെ സ്റ്റെയർകേസിൽ പാമ്പിനെ കണ്ട ഉത്ര ബഹളുമുണ്ടാക്കി ഇറങ്ങി വന്നതും സൂരജ് പാമ്പിനെ ചാക്കിലാക്കി പോകുന്നതും താൻ കണ്ടുവെന്ന് രേണുക പറഞ്ഞു.