പാറപ്പാടത്തെ ഷീബാ വധക്കേസ് അന്വേഷണം മാസങ്ങൾക്കു മുമ്പ് പ്രവചിച്ച `ജോസഫ്´

single-img
6 June 2020

പാറപ്പാടത്തെ ഷീബാ വധക്കേസിലെ പ്രതിയായ ബിലാലിനെ കുടുക്കിയ അന്വേഷണം സമീപകാലത്ത് മലയാളത്തിലിറങ്ങി സൂപ്പർ ഹിറ്റായ ജോസഫ് എന്ന ചിത്രത്തിലെ അന്വേഷണവുമായി സാമ്യം. സിനിമയുടെ തുടക്കത്തിൽ വയോധിക ദമ്പതികളെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിക്കാൻ എത്തുന്ന കഥാപാത്രമായാണ് നായകൻ ജോസഫിനെ ചിത്രതത്തിൽ അവതരിപ്പിച്ചത്. ജോസഫ് നടത്തുന്ന അന്വേഷണങ്ങളോട് ഏറെ സാമ്യമുള്ളവയായിരുന്നു യഥാൻർത്ഥത്തിൽ സംഭവിച്ച പാറപ്പാടം കൊലക്കേസ് അന്വേഷണവും. 

ജോസഫ് ചിത്രത്തിൽ മരണപ്പെട്ടവരുമായി അടുപ്പമുള്ള ഒരു ചെറുപ്പക്കാരനാണ് പിടിയിലാകുന്നത്. ഷീബ വധക്കേസിൽ പ്രതിയായ മുഹമ്മദ് ബിലാൽ നേരത്തേ ഇവരുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചയാളാണ്. ∙മുൻവാതിലിൽ ബലപ്രയോഗങ്ങളൊന്നും നടന്നിട്ടില്ലാത്തതിനാൽ അകത്തു നിന്നൊരാളാണ് തുറന്നുകൊടുത്തതെന്ന് ചിത്രത്തിൽ ജോസഫ് ഊഹിക്കുന്നുണ്ട്. ഇതുതന്നെയാണ് ഷാനി മൻസിലിലും നടന്നത്. 

സിനിമയിൽ അടുപ്പത്തിരുന്ന ചായപ്പാത്രം കത്തിക്കരിഞ്ഞിരുന്നതിനാൽ വന്നയാൾക്ക് ചായയെടുക്കാൻ പോകുമ്പോഴാണ് കുറ്റകൃത്യം നടന്നതെന്ന് ജോസഫ് ഊഹിക്കുന്നുണ്ട്. പാറപ്പാടയിലും വന്നയാൾക്ക്  ഭക്ഷണമുണ്ടാക്കാൻ ഒരുക്കം നടത്തിയിരുന്നു. 

അതേസമയം സിനിമയിൽ കൊലയാളി സോഫയിൽ ഇരുന്ന രീതിയും വായിച്ച മാഗസിനിലെ പേജുമൊക്കെ കണ്ടെത്തി  അതൊരു യുവാവാണെന്ന് ഉറപ്പിക്കുന്നുണ്ട്. ഇവിടെ ഷോക്കടിപ്പിക്കാനുള്ള ശ്രമംനടന്നത് മനസ്സിലാക്കി ഇലക്ട്രിക്കൽ ജോലി അറിയുന്ന ആളാണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. 

സിനിമയിൽ ടവർ ലൊക്കേഷൻ കൂടി നോക്കിയാണ് യുവാവിനെ പ്രതിയെന്ന് ഉറപ്പിക്കുന്നത്. ഇവിടെയും ടവർ ലൊക്കേഷൻ സഹായകമായെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. 

എന്നാൽ കോട്ടയം മണിമലയിൽ പഴയിടം കൊലക്കേസിൽ നിന്നാണ് ജോസഫ് സിനിമയിലെ ആ അന്വേഷണ രംഗം പിറക്കുന്നതെന്നു സിനിമയുടെ തിരക്കഥാകൃത്ത് ഷാഹി കബീർ പറയുന്നു. സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഷാഹി പഴയിടം കൊലക്കേസ് അന്വേഷണത്തിൽ പങ്കെടുത്തിരുന്നു. 2013 ഓഗസ്റ്റ് ഇരുപതിനാണ് പഴയിടം തിടമ്പനാൽ വീട്ടിൽ ഭാസ്കരൻ നായർ, ഭാര്യ തങ്കമ്മ എന്നിവർ  കൊലപ്പെട്ടത്. അന്ന് അടുത്ത ബന്ധുവാണ് പിടിയിലായത്. 

അതേസമയം പൂർണമായും പഴയിടം കൊലക്കേസല്ല അല്ല സിനിമയിൽ ഉപയോഗിച്ചതെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കുന്നു.  നിഗമനങ്ങളും ചേർത്ത് പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലറൊരുക്കുകയാണ് സിനിമയിൽ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.