ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്: തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം

single-img
6 June 2020

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ അവസാനം നടക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആലോചന. 

സെപ്റ്റംബറില്‍ വിജ്ഞാപനം പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കുന്നതിന് സമയക്രമം ശനിയാഴ്ച തീരുമാനിക്കും. നവംബര്‍ 12നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കേണ്ടതിനാല്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്.

കോവിഡ് രോഗബാധ തുടരുകയാണെങ്കില്‍ പ്രോട്ടോക്കോള്‍ പാലിച്ചും മുന്‍കരുതലുകളെടുത്തും വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്.

വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കാനുള്ള അപേക്ഷകരില്‍ ഇരട്ടിപ്പുണ്ട്. ഇത് ഒഴിവാക്കിയും തെറ്റുകള്‍ തിരുത്തിയുമാണ് പ്രസിദ്ധീകരിക്കുക. വീണ്ടും പിഴവുകള്‍ കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൂര്‍ണമായും തിരുത്തും. പേരുചേര്‍ക്കാന്‍ ഒരിക്കല്‍ക്കൂടി അവസരം നല്‍കിയേക്കും.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക പുതുക്കിയാണ് ഉപയോഗിക്കുന്നത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് രണ്ടുദിവസത്തെ ഇടവേളകളിലാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്‌കരന്‍ പറഞ്ഞു. ഓരോ ഘട്ടത്തിലും ഏഴു ജില്ലകള്‍ക്കുവീതമാണ് വോട്ടെടുപ്പ്.