ദേവികയുടെ മരണം; അന്വേഷണത്തിന് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് രൂപം നല്‍കും: ഡിജിപി

single-img
6 June 2020

ലോക്ക് ഡൌൺ കാരണം മുടങ്ങിയ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കാൻ സർക്കാർ തയ്യാറാക്കിയ ഓൺലൈൻ പാഠ്യപദ്ധതി പ്രകാരമുള്ള ഓണ്‍ ലൈന്‍ ക്ലാസ് മുടങ്ങിയതിന്റെ പേരില്‍ വളാഞ്ചേരിയില്‍ ദേവിക എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും.

ഇതിനുവേണ്ടി പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. മലപ്പുറം ജില്ലയിലെ ക്രൈം ബ്രാഞ്ച് എസ്പി കെവി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.

ഓണ്‍ലൈന്‍ വഴി നടത്തിയ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാത്ത മനോവേദയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്നാണ് ഇപ്പോഴുള്ള ആരോപണം. വീട്ടിൽ ടിവിയോ, മൊബൈല്‍ ഫോണോ അടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ദേവിക മനപ്രയാസം നേരിട്ടിരുന്നതായാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.