കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമത്

single-img
6 June 2020

രാജ്യത്ത് കോവിഡ് രോഗവ്യാപനം ആശങ്കാജനകമായി ഉയരുന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇറ്റലിയെ പിന്തള്ളി ആറാമതെത്തി. ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ ആകെ എണ്ണം 2,36,184 ആയി.

അതേസമയം ഇറ്റലിയില്‍ രോഗബാധിതരുടെ ആകെ എണ്ണം 2,34,531 ആണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 6649 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണം 33,774 ആണ്. ഇന്ത്യയില്‍ 1,13,233 പേര്‍ രോഗമുക്തി നേടിയപ്പോള്‍, ഇറ്റലിയില്‍ 1,63,781 പേര്‍ സുഖം പ്രാപിച്ചു.

അതേസമയം ചികില്‍സയില്‍ കഴിയുന്ന കോവിഡ് രോഗികളില്‍ ആരോഗ്യനില ഗുരുതരമായി തുടരുന്നവരുടെ എണ്ണം ഇന്ത്യയിലാണ് കൂടുതല്‍. 8944 പേരാണ് രാജ്യത്ത് അതീവ ഗുരുതരാവസ്ഥയിലുള്ളത്. ഇറ്റലിയിലാകട്ടെ, 316 പേര്‍ മാത്രമാണ് അതീവ ഗുരുതര സ്ഥിതിയിലുള്ളത്.

ലോകത്ത് ഏറെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതാണ്. 17,121 രോഗികള്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ള അമേരിക്കയാണ് ഒന്നാമത്. 8318 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിയുന്ന ബ്രസീലാണ് ഇന്ത്യയ്ക്ക് പിന്നില്‍ മൂന്നാംസ്ഥാനത്ത്.