പാലക്കാടാണോ മലപ്പുറമാണോ എന്നുള്ളത് പ്രസക്തമല്ല: ആനയ്ക്ക് നേരെ നടന്ന ക്രൂരതയാണ് വിഷയമെന്ന് വി മുരളീധരൻ

single-img
5 June 2020

മണ്ണാര്‍ക്കാട്ട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ സ്ഥലം പാലക്കാടാണോ മലപ്പുറമാണോ എന്നത് പ്രസക്തമല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ആനയ്ക്ക് നേരെ നടന്ന ക്രൂരതയാണ് ചര്‍ച്ച ചെയ്യേണ്ട വിഷയമെന്നും മുരളീധരന്‍ പറഞ്ഞു. വിഷയത്തിന് വര്‍ഗീയ നിറം നല്‍കി എന്നത് കാണുന്നവന്റെ കണ്ണിലെ പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

ആന ചരിഞ്ഞ സംഭവം മലപ്പുറത്താണ് നടന്നത് എന്ന തരത്തില്‍ ദേശീയ തലത്തില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ഇത് ഏറ്റുപിടിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി രംഗത്ത് വന്നത് വിവാദത്തിന് ഇടയാക്കി. ആന ചരിഞ്ഞ സംഭവം കൊലപാതകമാണെന്നും മലപ്പുറം രാജ്യത്തെ ഏറ്റവും അക്രമ സ്വഭാവമുളള ജില്ലയാണെന്നുമായിരുന്നു മേനക ഗാന്ധിയുടെ വാക്കുകള്‍. 

വിഷയത്തിന് വര്‍ഗീയ നിറം പകരാന്‍ ബിജെപി നോക്കുന്നു എന്ന തരത്തിലാണ് സിപിഎം ഉള്‍പ്പെടെയുളള പാര്‍ട്ടികളുടെ വിമര്‍ശനം. ഇതിനെ സാധൂകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തിലും കൈക്കൊണ്ടത്. പാലക്കാട് സംഭവത്തിന്റെ പേരില്‍ വെറുപ്പ് പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.