ഒരേ സമയം 25 സ്‌കൂളുകളിൽ അധ്യാപിക, പ്രതിഫലം ഒരു കോടിയോളം: അധ്യാപികയ്ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവ്

single-img
5 June 2020

ഒരേ സമയം 25 സ്‌കൂളുകളില്‍ അധ്യാപികയായിരുന്നയാൾ പ്രതിഫലം കൈപ്പറ്റിയിരുന്നത് മാസം ഒരു കോടിയോളം രൂപ. ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികക്കെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാനത്തെ ബേസിക് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ അധ്യാപികയാണ് ഒരേസമയം 25 സ്‌കൂളുകളില്‍ അധ്യാപനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്. 

അധ്യാപകരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിനിടെയാണ് ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. അനാമിക ശുക്ല എന്ന അധ്യാപികയാണ് വിവിധ ജില്ലകളിലെ 25 സ്‌കൂളുകളില്‍ ഒരേസമയം ജോലി ചെയ്യുന്നതായി രേഖകളില്‍ ഉള്ളതായി കണ്ടെത്തിയത്. മെയിന്‍പുരി ജില്ലക്കാരിയാണ് അനാമിക ശുക്ല എന്നാണ് വകുപ്പിന്റെ രേഖകളിലുള്ളത്.

ഇവര്‍ അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലിഗഡ്, തുടങ്ങിയ ജില്ലകളിലും അധ്യാപനം നടത്തുന്നു എന്നാണ് രേഖകളില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി വരെ മാസം ഒരുകോടിയോളം രൂപ ഇവര്‍ പ്രതിഫലമായി കൈപ്പറ്റിയിരുന്നതായും കണ്ടെത്തിക്കഴിഞ്ഞു. ഇതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അദ്യാപികയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ അനാമിക ശുക്ല മറുപടി നല്‍കിയിട്ടില്ല. 

ആരോപണം സത്യമെന്ന് കണ്ടെത്തിയാല്‍ അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുപി പ്രാഥമിക വിദ്യാഭ്യാസമന്ത്രി ഡോ. സതീഷ് ദ്വിവേദി പറഞ്ഞു.