ഭർത്താവും കൂട്ടുകാരും ചേർന്ന് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; രക്ഷപ്പെട്ടോടിയ യുവതിയെ രക്ഷിച്ചത് നാട്ടുകാർ: പ്രതികൾ പിടിയിൽ

single-img
5 June 2020

ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തിരുവനന്തപുരം ജില്ലയിലെ കണിയാപുരം സ്വദേശിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. പോത്തന്‍കോട് ഉള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് നാല് മണിയോടു കൂടി ഭര്‍ത്താവ് വാഹനത്തില്‍ കയറ്റി പുതുക്കുറിച്ചിയില്‍ കൊണ്ടുപോയി. ഇവിടെ വച്ച് യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കഠിനംകുളം പൊലീസ് പറയുന്നത്.

അവിടെ നിന്ന് എടുത്തു ചാടി ഓടിയ യുവതിയെ നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയെ വഴിയില്‍ കണ്ട നാട്ടുകാര്‍ ഒരു വാഹനത്തില്‍ കണിയാപുരത്തെ വീട്ടില്‍ എത്തിക്കുകയായിരുന്നു. ഭര്‍ത്താവ് കടുത്ത മദ്യപാനിയും ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും പൊലീസ് സംശയിക്കുന്നു.

സംഭവത്തില്‍ നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഭര്‍ത്താവും മൂന്നു സുഹൃത്തുക്കളുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികളെല്ലാം കസ്റ്റഡിയിലുള്ളതായി റൂറല്‍ എസ്പി ബി അശോകന്‍ സൂചിപ്പിച്ചു.