പരസ്യമായി മലപ്പുറത്തെ ജനങ്ങളോടു മാപ്പ് പറയുക: മേനക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടീസയച്ചു

single-img
5 June 2020

മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ എംപി മേനക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടീസ് അയച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടീസയച്ചത്. 

പാലക്കാട് ജില്ലയില്‍ ആന ചരിഞ്ഞ സംഭവത്തില്‍ മലപ്പുറത്തിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ. അബൂ സിദ്ദീഖ് എന്നിവര്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്. അല്ലാത്തപക്ഷം ഉചിതമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടീസില്‍ പറഞ്ഞു.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മേനക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.