സ്വന്തമായുള്ള അന്താരാഷ്ട്ര വിമാനത്താവളവും സർവ്വകലാശാലയും അറിയപ്പെടുന്നത് മറ്റു ജില്ലയുടെ പേരിൽ, മറ്റു ജില്ലകളിൽ നടന്ന ക്രൂരകൃത്യങ്ങളുടെ ഉത്തരവാദിത്വം സ്വന്തം പേരിലും: ഇത് മലപ്പുറം ജില്ല

single-img
5 June 2020

കൈതച്ചക്കയിൽ വച്ച തോട്ട പൊട്ടി പാലക്കാട്ട് ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനും കേരളത്തിനും എതിരെ ദേശീയ തലത്തിൽ പ്രചാരണം കനക്കുകയാണ്. ആന ചെരിഞ്ഞ സംഭവം കൊലപാതകമെന്ന് വിശേഷിപ്പിച്ച് ബിജെപി എംപി മേനകാ ഗാന്ധി രംഗത്തെത്തിയിരുന്നു. മലപ്പുറം ഇത്തരം സംഭവങ്ങൾക്ക് കുപ്രസിദ്ധമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്ന ജില്ലയാണെന്നും അവർ ആരോപിച്ചിരുന്നു.

ആന ചരിഞ്ഞ വിഷയത്തിൽ എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി വിഷയത്തിൽ നടപടിയൊന്നുമെടുക്കാത്തതെന്നു കൂടി മേനകാഗാന്ധി ചോദിച്ചതോടെ വിവാദം കനത്തു. ഇതിനു പിന്നാലെ കേരളത്തിലെ ബിജെപി നേതാവ് സന്ദീപ് വാര്യർ മലപ്പുറത്തിനെതിരെ ഹാഷ്ടാഗ് കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. പാലക്കാട്ടുകാരനായ സന്ദീപ് വാര്യർക്ക് യാഥാർഥ്യം അറിയാമെന്നും എന്നാൽ മലപ്പുറത്തെ മനപ്പൂർവ്വം അവഹേളിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം,  മുസ്ലിം ലീഗ് രാഷ്ട്രീയപ്പാർട്ടികൾ ആരോപിച്ചിരുന്നു. 

ആന കൊല്ലപ്പെട്ടതിൻ്റെ പേരിൽ കേരളത്തിനെതിരെ, പ്രത്യേകിച്ച് മലപ്പുറത്തിൻ്റെ പേര് എടുത്തുപറഞ്ഞ് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നു വ്യക്തം. മലപ്പുറത്തല്ല, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ് ആന ചരിഞ്ഞത്. മലപ്പുറത്തിനെതിരായ പ്രചാരണം തെറ്റിപ്പോയതാണെങ്കിൽ തിരുത്തണമായിരുന്നുവെന്നുള്ളതാണ് ശരിയായ നടപടി. എന്നാൽ അതിനു തയാറാകാതെ ബോധപൂർവം ഒരു ജില്ലയ്ക്കും സമുദായത്തിനുമെതിരെ അപകീർത്തി പരാമർശം നടത്തിയാണ് ഇവർ ചെയ്യുന്നത്. 

സ്വന്തമായി ഒരു അന്താരാഷ്ട്ര വിമാനത്താവളവും ഒരു സർാവ്വകലാശാലയുമുള്ള ജില്ലയാണ് മലപ്പുറം. എന്നാൽ ഇവ അറിയപ്പെടുന്നത് മറ്റു ജില്ലകളുടെ പേരിലാണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളത്തെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളമെന്നാണ് അറിയപ്പെടുന്നത്. അന്തർ ദേശീയ യാത്രക്കാരുടെ കണക്ക്‌ എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളമാണ് ഇത്. എന്നാൽ ജില്ലയ്ക്കു പുറത്തുള്ളവർ ഈ വിമാനത്താവളം കോഴിക്കോട് ജില്ലയിലാണെന്നാണ് കരുതുന്നത്. 

കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ്. എന്നാൽ പേരിലെ പ്രത്യേകതകൊണ്ട് സർവകലാശാല അറിയപ്പെടുന്നത് കോഴിക്കോട് ജില്ലയിലെ സർവ്വകലാശാലഎന്നാണ്. അന്നത്തെ മുഖ്യമന്ത്രി സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത്. അതേസമയം മലപ്പുറവുമായി യാതൊരു ബന്ധവുമില്ലാത്ത ആനചരിഞ്ഞ സംഭവത്തിൻ്റെ ഉത്തരവാദിത്വം ഇപ്പോൾ വന്നുപെട്ടിരിക്കുന്നത് മലപ്പുറം ജില്ലയുടെ പേരിലാണ്.