ആരാധനാലയങ്ങൾ ചൊവ്വാഴ്ച തുറക്കും; പ്രസാദവും തീർത്ഥവും പാടില്ല

single-img
5 June 2020

സംസ്ഥാനത്ത് ജൂൺ 9 മുതൽ ആരാധനാലയങ്ങൾ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോപ്പിംഗ് മാളുകളും റസ്റ്റോറന്റുകളും അന്നുമുതൽ പ്രവർത്തിച്ച് തുറക്കാവുന്നതാണ്. അടച്ചിട്ടിരുന്ന സ്ഥാപനങ്ങൾ അതിനുമുൻപ് തന്നെ അണുവിമുക്തമാക്കണം.

ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്ര  മാനദണ്ഡമനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  65 വയസിനുമുകളിലുള്ളവരും 10 വയസിന് താഴെയുള്ളവരും, ഗര്‍ഭിണികളും ആരാധനാലയങ്ങളില്‍ പോകരുത്.

പ്രാർത്ഥിക്കാൻ എത്തുന്ന എല്ലാവരും സാമൂഹിക അകലം പാലിക്കണം. ആദ്യം വരുന്നവര്‍ ആദ്യം എന്ന ക്രമം പാലിക്കണം. ആരാധനാലയങ്ങളിൽ കോവിഡ് 19 ബോധവല്‍ക്കരണ പോസ്റ്ററുകള്‍ പ്രകടമായി പതിക്കണം. ക്യൂ നില്‍ക്കേണ്ട സ്ഥലം അടയാളപ്പെടുത്തണമെന്നും കയറാനും ഇറങ്ങാനും പ്രത്യേകം വഴി വേണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ആരാധനാലയങ്ങളിലെത്തുന്നവരുടെ പേര് വിവരം സൂക്ഷിക്കണം. ഭക്തിഗാനങ്ങള്‍ കൂട്ടായി പാടുന്നത് ഒഴിവാക്കി പകരം റെക്കോർഡ് ചെയ്ത ഭക്തിഗാനങ്ങൾ കേൾപ്പിക്കണം. വിഗ്രഹങ്ങളില്‍ തൊടരുത്, അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം, മാമോദീസ കരസ്പര്‍ശമില്ലാതെ നടത്തണം, പ്രസാദവും തീര്‍ത്ഥവും ഒഴിവാക്കണം, ഒരു പ്ലേറ്റില്‍ നിന്ന് ചന്ദനം നല്‍കരുത് എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആരാധനാലയങ്ങളിൽ ഒരുസമയം 100-ലധികം ആളുകൾ പോകാൻ പാടില്ല. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കും. ഒരു സമയം അന്‍പത് പേരെയായിരിക്കും വിർച്വൽ ക്യൂ വഴി കടത്തിവിടുക.

അതേസമയം സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസം രോഗികളുടെ എണ്ണം നൂറുകടക്കുന്നത് ഇതാദ്യമാണ്. രോഗികളിൽ 50 പേർ വിദേശത്തുനിന്നും 48 പേർ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. പത്തുപേർക്ക് സമ്പർക്കം മൂലം രോഗബാധയുണ്ടായി. മൂന്ന് ആരോഗ്യപ്രവർത്തകർക്കും കോവിഡ് രോഗം ബാധിച്ചിട്ടുണ്ട്.