ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്തതിന് ഭർത്താവ് സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി: കഠിനംകുളം കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

single-img
5 June 2020

തിരുവനന്തപുരം: കഠിനംകുളത്ത് ഭാര്യയെ കൂട്ടബലാത്സംഗത്തിനായി വിട്ടുനൽകാൻ ഭർത്താവ് സുഹൃത്തുക്കളിൽ നിന്നും പണം വാങ്ങിയതായി സംശയം. ബലാത്സംഗത്തിനിരയായ യുവതിയുടെ മൊഴിയിലാണ് ഇത്തരത്തിൽ സൂചനയുള്ളത്.

സുഹൃത്തുക്കളില്‍ ഒരാള്‍ ഭർത്താവിന് പണം നല്‍കുന്നത് കണ്ടതായാണ് യുവതിയുടെ മൊഴി. രണ്ടുദിവസം മുന്‍പ് ഇതേ വീട്ടില്‍ വച്ചാണ് പണം നല്‍കിയത്. സുഹൃത്തുക്കള്‍ ഉപദ്രവിച്ചപ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നതായും യുവതി പറയുന്നു. പ്രതികൾ മദ്യം നൽകി അവശയാക്കിയെന്നും കൂടുതലൊന്നും ഓർത്തെടുക്കാൻ സാധിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്.

വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്താണു ഭർത്താവും സുഹ‍ൃത്തുക്കളും ചേർന്ന് ബലമായി മദ്യം നൽകിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയെ ആദ്യം ഭർത്താവിന്റെ സുഹൃത്തിന്റെ വീട്ടിലും പിന്നീട് ആളൊഴിഞ്ഞ പ്രദേശത്തുവച്ചും മണിക്കൂറുകളോളം ഉപദ്രവിച്ചു. അഞ്ച് വയസുള്ള കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു ക്രൂരതയെല്ലാം. വഴിയരികിൽ കിടക്കുന്ന നിലയിൽ യുവതിയെ കണ്ടെത്തിയ യുവാക്കളാണു ഇവരെ വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് വൈകിട്ടോടെയുണ്ടാകും. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഭര്‍ത്താവും നാല് സുഹൃത്തുക്കളും പിടിയിലായി. മദ്യം നൽകിയും മർദിച്ചവശയാക്കിയ ശേഷവുമായിരുന്നു ഉപദ്രവമെന്ന് യുവതി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. യുവതിയുടെ രഹസ്യമൊഴി എടുത്തശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി ബി. അശോക് അറിയിച്ചു. കുഞ്ഞിനു മുൻപിൽ വച്ച് ഉപദ്രവിച്ചതിനാൽ പോക്സോ കുറ്റവും ചുമത്തും. വനിതാ കമ്മിഷനും കേസെടുത്തിട്ടുണ്ട്