`ഈ സ്ഥിതി തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യ ഇറ്റലിയെ മറികടക്കും´

single-img
5 June 2020

രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേസുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ഉണ്ടായത്. ഈ നിലയില്‍ മുന്നോട്ടുപോയാല്‍ രണ്ടു ദിവസത്തിനകം ഇറ്റലിയെ ഇന്ത്യ മറികടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

കോവിഡിന്റെ തുടക്കത്തില്‍ ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം ബാധിച്ചത് യൂറോപ്യന്‍ രാജ്യമായ ഇറ്റലിയെയാണ്. നിലവില്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലി ആറാം സ്ഥാനത്താണ്. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഇറ്റലിയെ രണ്ടുദിവസത്തിനകം ഇന്ത്യ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ന് രാജ്യത്ത് 9851 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെയുളള കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കടന്നിരിക്കുകയാണ്. വ്യാഴാഴ്ച 9304 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി എണ്ണായിരത്തിന് മുകളിലാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കണക്കുകള്‍.

ഇറ്റലിയില്‍ നിലവില്‍ 2,33,836 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ നിലവില്‍ തുടരുന്ന കോവിഡ് വ്യാപനം അതേപോലെ തന്നെ മുന്നോട്ടുപോയാല്‍ രണ്ടുദിവസത്തിനകം ഇറ്റലിയെ മറികടന്നേക്കും. എന്നാല്‍ മരണനിരക്കില്‍ ഇന്ത്യയുടെ കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. 

ഇന്ത്യയേക്കാള്‍ അഞ്ചുമടങ്ങ് മുകളിലാണ് ഇറ്റലിയിലെ മരണസംഖ്യ. ഇന്ത്യയില്‍ ഇതുവരെ 6363 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.