ആശുപത്രികൾ രോഗികളെക്കൊണ്ടു നിറയും: ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ

single-img
5 June 2020

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വൻ തോതിൽ വർദ്ധിക്കുകയാണ്. ഈ  പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം മുന്നറിയിപ്പു നൽകി. ഈ  ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറന്നാല്‍ രോഗ വ്യാപനം നിയന്ത്രണാതീതമാകുമെന്നാണ് ഐഎംഎ വ്യക്തമാക്കുന്നത്. 

ആരാധനാലയങ്ങളും മാളുകളും തുറന്നുകൊടുക്കുന്നതോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാകും. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യ സംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാവുകയും ചെയ്യും. മറ്റു രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായത് പോലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയും. ആരോഗ്യ പ്രവര്‍ത്തകരും ഭരണ സംവിധാനങ്ങളും പകച്ചു നില്‍ക്കേണ്ടി അവസ്ഥ ഉണ്ടാവാന്‍ അനുവദിക്കരുതെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കുന്നു.

ആരാധനാലയങ്ങളും മാളുകളും പോലെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്നും ഐഎംഎ നിര്‍ദേശിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ പുറം രാജ്യങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും  വരുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും അസുഖം ഉണ്ടാവുന്ന അവസ്ഥയുണ്ട്. അവരില്‍ ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സമൂഹവ്യാപന സാധ്യത കൂടി വരികയും ചെയ്യുന്നുണ്ടെന്നും ഐഎംഎ പറയുന്നു.