ലോക്​ഡൗൺ കാലത്ത്​ ജീവനക്കാർക്ക്​ മുഴുവൻ ശമ്പളവും നൽകണം; സുപ്രീംകോടതിയിൽ നിലപാടറിയിച്ച്​ കേന്ദ്രം

single-img
4 June 2020

ഡൽഹി: ലോക്​ഡൗൺ കാലത്ത്​ ജീവനക്കാർക്ക്​ മുഴുവൻ ശമ്പളവും നൽകണമെന്ന ഉത്തരവ്​ നില നിൽക്കുമെന്ന്​ സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്​ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം നൽകിയത്​​​. സമൂഹത്തിൽ ലോക്​ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക്​ ആശ്വാസം പകരുന്നതിനായാണ്​ സർക്കാർ ഉത്തരവിറക്കിയതെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.

മാർച്ച്​ 29ലെ ഉത്തരവ്​ സ്ഥിരമായ ഒന്നല്ല. ഇപ്പോഴത്​ പിൻവലിച്ചിട്ടുണ്ട്​. ലോക്​ഡൗൺ കാലത്തേക്ക്​ വേണ്ടി മാത്രമാണ്​ അത്തരമൊരു ഉത്തരവിറക്കിയത്​. ജീവനക്കാർക്ക്​ ശമ്പളം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾ അവരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്ന്​ തെളിയിക്കണം. ഇതിനായി കമ്പനികളുടെ അക്കൗണ്ട്​ ഓഡിറ്റ്​ ചെയ്യുമെന്ന്​ ആഭ്യന്തര മന്ത്രാലയം വ്യക്​തമാക്കി.

പൊതുജന നന്മയെ കരുതിയാണ്​ നടപടി. ദുരന്തനിവാരണ നിയമപ്രകാരം ഇതിന്​ കേന്ദ്രസർക്കാറിന്​ അധികാരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച സത്​വാങ്​മൂലം പറയുന്നു. ജസ്​റ്റിസ്​ അശോക്​ ഭൂഷ​​െൻറ നേതൃത്വത്തിലുള്ള ബെഞ്ചാണ്​ കേസ്​ പരിഗണിക്കുന്നത്​. ലോക്​ഡൗൺ കാലത്ത്​ ജീവനക്കാർക്ക്​ ശമ്പളം നൽകണമെന്ന ഉത്തരവ്​ സാമ്പത്തികമായി തകർക്കുമെന്ന്​ ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികളാണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.