വിജയ് മല്യ ഉച്ചയോടെ ഇന്ത്യയിലെത്തും: ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ

single-img
4 June 2020

ബാങ്ക് വായ്പ തട്ടിപ്പ് പ്രതി വിജയ് മല്യ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നു. 12 മണിയോടെ മുംബൈയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. വിജയമല്യയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ സംഘത്തെ വിമാനത്താവളത്തില്‍ നിയോഗിച്ചിട്ടുണ്ട്. 

മല്യക്കെതിരായ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മുംബൈയിലാണ് .പിന്നീട് കോടതില്‍ ഹാജരാക്കുന്ന മല്യയെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐയും ഇഡിയും ആവശ്യപ്പെട്ടേക്കും.

2018ല്‍ മല്യയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഇന്ത്യക്ക് കൈമാറിയാല്‍ ഏത് ജയിലിലാണ് പാര്‍പ്പിക്കുകയെന്ന് ബ്രിട്ടീഷ് കോടതി ചോദിച്ചിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ വീഡിയോയാണ് അന്ന് സിബിഐ അധികൃതര്‍ കോടതിയില്‍ കാണിച്ചത്. ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷയുള്ള ബാരക്‌സുകളിലൊന്നിലെ രണ്ട് നില കെട്ടിടത്തിലാണ് മല്യയെ ഇടുകയെന്നും സിബിഐ യുകെ കോടതിയെ അറിയിച്ചിരുന്നു.

ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്ക്കെതിരായ കേസ്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹര്‍ജി മെയ് 14ന് യുകെയിലെ കോടതി തള്ളിയിരുന്നു.