ലോക്ക്ഡൗണ്‍ അമ്പേ പരാജയം: ഇന്ത്യയിലെ സ്ഥിതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശം-രാഹുല്‍ ഗാന്ധി

single-img
4 June 2020

ഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക മഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. കോവിഡ് പ്രതിസന്ധിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മാനേജിങ് ഡയറക്ടര്‍ രാജീവ് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിലാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞത്.

‘ലോക്ക്ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയ രീതി ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിരിക്കാം. ലോക മഹായുദ്ധകാലത്ത് പോലും ലോകം ഇങ്ങനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. ഇത് ഒരു അപൂര്‍വ്വവും വിനാശകരവുമായ പ്രതിഭാസമാണ്’രാഹുല്‍ പറഞ്ഞു.
ദരിദ്രരേയും കുടിയേറ്റ തൊഴിലാളികളേയും ലോക്ക്ഡൗണ്‍ വളരെ മോശമായി ബാധിച്ചു. അവര്‍ക്ക് പോകാന്‍ ഒരിടമില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കി പ്രാപ്തമാക്കുകയും പോരാട്ടം മുഖ്യമന്ത്രിമാര്‍ക്ക് കൈമാറുകയും ചെയ്യണമായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്‍മാറി എന്നുള്ളതാണ്. ഒരുപാട് വൈകുകയും ചെയ്തുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്ത് ചെയ്യണമായിരുന്നുവെന്ന രാജീവ് ബജാജിന്റെ ചോദ്യത്തോടായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പരാജയപ്പെട്ടിരിക്കുകയാണ്. രോഗബാധിതര്‍ വന്‍തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ലഘൂകരിക്കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.