ട്രംപിനെതിരെ രണ്ടും കൽപ്പിച്ച് ഗൂഗിൾ , വംശീയതയ്‌ക്കെതിരെ പോരാടാൻ കോടികൾ ഇറക്കി പിച്ചൈ

single-img
4 June 2020

അമേരിക്കയിൽ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിനിടയിൽ വംശീയ അസമത്വങ്ങൾ പരിഹരിക്കുന്നതിന് പ്രവർത്തിക്കുന്ന സംഘടനകൾക്ക് 1.2 കോടി ഡോളർ ധനസഹായം നൽകുമെന്ന് ആൽഫബെറ്റ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പ്രഖ്യാപിച്ചു. ട്രംപ് ഭരണക്കൂട ഭീകരതക്കെതിരെ പോരാടാനാണ് ഈ പണമെന്നതും ശ്രദ്ധേയമാണ്.

വംശീയ അനീതിക്കെതിരെ പോരാടുന്ന സംഘടനകൾക്ക് ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ നിർണായക വിവരങ്ങൾ നൽകാൻ സഹായിക്കുന്നതിന് കമ്പനി 2.5 കോടി ഡോളറിന്റെ പരസ്യ ഗ്രാന്റുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഞങ്ങളുടെ ആദ്യത്തെ ഗ്രാന്റ് 10 ലക്ഷം ഡോളർ വീതം സെന്റർ ഫോർ പോളിസിങ് ഇക്വിറ്റി, ഈക്വൽ ജസ്റ്റിസ് ഇനീസിയേറ്റീവ് എന്നിവർക്ക് നൽകും. ഗൂഗിൾ.ഓർഗ് ഫെലോസ് പ്രോഗ്രാം വഴി സാങ്കേതിക പിന്തുണ നൽകുമെന്നും പിച്ചൈ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വംശീയ നീതിയുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്കായി ഗൂഗിൾ ഇതുവരെ 3.2 കോടി ഡോളർ സംഭാവന നൽകിയിട്ടുണ്ട്. ഫ്ലോയിഡിന്റെ ഓർമകളെ മാനിക്കാൻ ഗൂഗിളർമാർ 8 മിനിറ്റ് 46 സെക്കൻഡ് നിശബ്ദത പാലിച്ചു. ഈ നിശബ്ദത നിമിഷത്തിന്റെ ദൈർഘ്യം ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നതിന് മുൻപ് അനുഭവിച്ച സമയത്തെ പ്രതിനിധീകരിക്കുന്നു. ഇത് ഫ്ലോയിഡിനും മറ്റു പലർക്കുമെതിരെയുള്ള അനീതിയുടെ ഓർമപ്പെടുത്തലാണെന്നും പിച്ചൈ കുറിച്ചു.

ഗൂഗിൾ ജീവനക്കാർ 25 ലക്ഷം ഡോളർ അധിക സംഭാവന നൽകി. ഇത് ഞങ്ങളുടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഗൂഗ്ളർ പങ്കെടുക്കുന്ന ക്യാംപെയിനിനെ പ്രതിനിധീകരിക്കുന്നു. ജീവനക്കാർ സമാഹരിച്ച ഏറ്റവും വലിയ തുകയും വിശാലമായ പങ്കാളിത്തവും ഇതാണെന്നും പിച്ചൈ പറഞ്ഞു.

ദീർഘകാല പരിഹാരങ്ങളെ പിന്തുണയ്ക്കുന്ന സംരംഭങ്ങളും ഉൽ‌പന്ന ആശയങ്ങളും വികസിപ്പിക്കുന്നതിന് ഗൂഗിൾ ബ്ലാക്ക് കമ്മ്യൂണിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്ലോയിഡിന്റെ മരണത്തിനെതിരായ പ്രതിഷേധത്തിന് ഐക്യദാർഡ്യം കാണിച്ച് ഗൂഗിളും യുട്യൂബും നേരത്തെ യുഎസിലെ ഹോം പേജിൽ ഒരു കറുത്ത റിബൺ ഇട്ടിരുന്നു.