സ്‌ഫോടകവസ്തുവുള്ള കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം; വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു

single-img
3 June 2020

പന്നിയെ ഓടിക്കാൻ വെച്ചതെന്ന് കരുതുന്ന സ്ഫോടക വസ്തുക്കള്‍ നിറച്ച കൈതച്ചക്ക കഴിച്ച് ഗര്‍ഭിണിയായ കാട്ടാന കഴിഞ്ഞ ദിവസം ചരിഞ്ഞ സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തതെന്ന് മണ്ണാര്‍ക്കാട് ‌ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ അറിയിച്ചു. ഉള്ളിൽ സ്‌ഫോടകവസ്തു നിറച്ച കൈതച്ചക്കയാണ് ആന കടിച്ചത്.

ഇവിടെയുള്ള കൃഷിയിടത്തില്‍ കയറുന്ന പന്നികളെ കൊല്ലാനായി കർഷകർ ഉപയോഗിക്കുന്ന പടക്കമാണ് ഇതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഇത് തയാറാക്കിയവരെ കുറിച്ച് വനം അധികൃതര്‍ക്ക് വിവരം ലഭിച്ചതായാണ് സൂചന. ഈ മാസം 27ന് സൈലന്റ് വാലി ദേശീയോദ്യാനത്തിലായിരുന്നു സംഭവം. സ്ഫോടനം മൂലം ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

ഇതിനെ തുടർന്ന് ഭക്ഷണം കഴിക്കാനാകാതെ ഏറെ ദിവസം പട്ടിണി കിടന്ന ശേഷം മേയ് 27നാണ് പതിനഞ്ചുവയസുണ്ടായിരുന്ന ആന മരണത്തിന് കീഴടങ്ങിയത്. 25ന് രാവിലെയായിരുന്നു തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാര്‍പ്പുഴയില്‍ ഈ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്.

വനപാലകര്‍ കാണുന്ന സമയം വേദന സഹിക്കാനാവാതെ വനമേഖലയിലെ പുഴയില്‍ മുഖം പൂഴ്ത്തി നില്‍ക്കുകയായിരുന്നു. മരണത്തെ തുടർന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് കാട്ടാന ഗര്‍ഭിണി ആയിരുന്നുവെന്ന് മനസിലായത്. പുഴയിൽ നിന്നുംശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.