കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തി ഖത്തർ; കൂടുതൽ അറിയാം

single-img
3 June 2020

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ഖത്തറില്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇന്ന് തീരുമാനമെടുത്തു. ഇത് പ്രകാരം നാളെ മുതല്‍ ഇളവുകൾ പ്രാബല്യത്തിൽ വരും. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജീവനക്കാര്‍ക്കുള്ള പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 8 വരെയാക്കി നീട്ടി . ഇപ്പോൾ ഇത് രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയായിരുന്നു.

നിയന്ത്രണങ്ങളിൽ പ്രധാനമായിരുന്ന സ്വകാര്യ കാറുകളില്‍ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാവൂവെന്ന നിബന്ധന പൂർണ്ണമായും നീക്കി. നാളെ മുതല്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് സഞ്ചരിക്കാം. അതേപോലെ തന്നെ താമസകേന്ദ്രങ്ങള്‍ക്കകത്ത് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മാസ്ക് ധരിക്കേണ്ടതില്ല.

എന്നാൽ മൂന്ന് മീറ്റര്‍ സാമൂഹിക അകലം പാലിച്ചേ വിനോദങ്ങളിൽ ഏർപ്പെടാവൂ. വിവിധ കമ്പനികളിലേക്കും സ്ഥാപനങ്ങളിലേക്കും തൊഴിലാളികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ പകുതിയാളുകള്‍ മാത്രമേ യാത്ര ചെയ്യാവൂവെന്ന നിബന്ധന ഇനിയും തുടരാനാണ് തീരുമാനം.