പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ `പോക്സോ´ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന സർക്കാർ അഭിഭാഷകനെതിരെ ഹെെക്കോടതിയും സർക്കാരും

single-img
3 June 2020

പോക്സോ പ്രതിക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്ന സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ്.  ഹൈക്കോടതിയിലെ ഗവൺമെൻറ് പ്ലീഡർ സികെ പ്രസാദിനാണ് അഡ്വക്കേറ്റ് ജനറൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പ്രതിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചത് മറച്ചു വച്ചാണ് ജാമ്യം ലഭിക്കാൻ അഭിഭാഷകൻ കൂട്ടുനിന്നതെന്നാണ് ആരോപണം. 

ഒത്തുകളി പുറംലോകം അറിഞ്ഞതോടെ ജാമ്യം റദ്ദാക്കാനായി സർക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിൻറെ അപേക്ഷ സ്വീകരിച്ച കോടതി പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ ഹർജിയിൽ‌ ഹൈക്കോടതി ബുധനാഴ്ച തീരുമാനമെടുക്കും.

എറണാകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സർക്കാർ അഭിഭാഷകനും പ്രതി ഭാഗവും ഒത്തുകളിച്ചത്. കുറ്റപത്രം നൽകിയ കേസിൽ, പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെന്ന് ഗവൺമെൻറ് പ്ലീഡർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഗുരുതര വീഴ്ച വരുത്തിയ ഗവൺമെൻറ് പ്ലീഡർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസ് കമ്മീഷണർ എജിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിൻറെ അടിസ്ഥാനത്തിലാണ് സർക്കാർ അഭിഭാഷകന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. അടുത്ത തിങ്കളാഴ്ചയ്ക്കകം നോട്ടീസിന് മറുപടി നൽകണം. പ്രതിയെ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകിയില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ്  ഹൈക്കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചത്.