പമ്പയിലെ മണല്‍ക്കൊള്ള: പിന്നില്‍ മന്ത്രി ഇ പി ജയരാജനും കുടുംബവും: കെ സുരേന്ദ്രന്‍

single-img
3 June 2020

പമ്പാ നദിയിൽ നിന്നുള്ള മണല്‍ക്കൊള്ളയുടെ പിന്നില്‍ സംസ്ഥാന വ്യവസായ മന്ത്രി ഇ പി ജയരാജനും കുടുംബവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ ഇടപാടിൽ കോടികളുടെ അഴിമതിയാണ് നടന്നത്. കേരളത്തിൽ വീണ്ടും പ്രളയം വരുമെന്നും അതിനാല്‍ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാനെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണ് കണ്ണൂരില്‍ ആദ്യം മണല്‍ കടത്താന്‍ ശ്രമിച്ചത് എന്നും സുരേന്ദ്രൻ ആരോപിച്ചു.

പക്ഷെ അന്ന് ആ ശ്രമം ബിജെപി ജനകീയ പ്രക്ഷേഭം സംഘടിപ്പിച്ച് തടുത്തതോടെയാണ് പമ്പയിലെ മണല്‍വാരാന്‍ ശ്രമം തുടങ്ങിയതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കണ്ണൂർ ജില്ലയിൽ നടന്ന പുഴയിലെ മണല്‍ക്കടത്തിനു നേതൃത്വം നല്‍കിയ അതേ കമ്പനി തന്നെയാണ് പമ്പയിലും മണല്‍ കടത്തുന്നത് എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രൻ പറഞ്ഞു. മുൻപ് കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സും കോട്ടയത്തെ സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് കണ്ണൂരില്‍ മണല്‍ക്കടത്തിന് ശ്രമം നടത്തിയത്.

അതേപോലെ തന്നെ, കഴിഞ്ഞ ദിവസം. മലപ്പുറം വളാഞ്ചേരിയില്‍ ദേവിക എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്റെ ഇടപെടല്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കുട്ടികള്‍ക്കും സൗകര്യം ഒരുക്കിയിട്ടു വേണം സർക്കാർ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കേണ്ടത്.

ഇപ്പോൾ കേരളത്തിൽ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പണം നീക്കി വച്ച പദ്ധതികള്‍ ഒന്നും നടക്കുന്നില്ല. സംസ്ഥാനത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കുട്ടികളുടെ വീടിനോട് ചേര്‍ന്ന് പഠനമുറി നിര്‍മ്മിക്കാന്‍ 2017-18ല്‍ 145 കോടി രൂപയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നൽകി എങ്കിലും ഒരിടത്ത് പോലും പഠന മുറി നിര്‍മ്മിച്ചിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. ഈ കാര്യത്തിൽ മന്ത്രിമാരായ എ കെ ബാലനും സി രവീന്ദ്രനാഥും ഇക്കാര്യത്തില്‍ മറുപടി പറയണംഎന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.