ഇന്ത്യ വേണ്ട, ഭാരതം മതിയെന്നു സുപ്രീംകോടതിയിൽ ഹർജി: നിവേദനമായി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച് കോടതി

single-img
3 June 2020

ഇന്ത്യ എന്നുള്ളത് മാറ്റി രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്നു കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീം കോടതി. ഹര്‍ജിക്കാരന്റെ ആവശ്യം നിവേദനമായി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ച കോടതി ഹര്‍ജി തീര്‍പ്പാക്കി.

ഇന്ത്യ എന്ന പേര് കൊളോണോയില്‍ ശേഷിപ്പിന്റെ ഭാഗമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യ സമരകാലത്ത് ഉയര്‍ന്ന പ്രധാന മുദ്രാവാക്യം ഭാരത് മാതാ കി ജയ് എന്നായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഹര്‍ജിയിലെ ആവശ്യത്തില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഇക്കാര്യം ഹര്‍ജിക്കാരന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാം. ഭരണഘടനയില്‍ ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഉണ്ട്. ഒന്നാം ഷെഡ്യൂളില്‍ തന്നെ അതു വ്യ്ക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കോടതി ഇടപെടുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കാന്‍ അനുവദിക്കണം എന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇതൊരു നിവേദനമായി പരിഗണിക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.