പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലും ഭക്ഷണത്തില്‍ പടക്കംവെച്ച് കാട്ടാനയെ കൊന്നിരുന്നു; വെളിപ്പെടുത്തലുമായി വനംവകുപ്പ്

single-img
3 June 2020

പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് വനമേഖലയില്‍ കഴിഞ്ഞദിവസം പിടിയാനയെ ഭക്ഷണത്തില്‍ പടക്കം വെച്ചുനല്‍കി കൊലപ്പെടുത്തിയതു പോലെ തന്നെ കൊല്ലത്തും സമാന സംഭവം നടന്നിരുന്നതായി വനംവകുപ്പിന്റെ വെളിപ്പെടുത്തല്‍. പാലക്കാട് വനമേഖലയില്‍ ഗര്‍ഭിണിയായ ആന ഭക്ഷണത്തില്‍ പടക്കം നല്‍കിയതിനെ തുടര്‍ന്ന് മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കാതെ ഈ 27നാണ് ചെരിഞ്ഞത്.

ഇതേ രീതിയില്‍ തന്നെ കൊല്ലം പത്തനാപുരം ഫോറസ്റ്റ് ഡിവിഷനിലെ പുനലൂരിലും പിടിയാനയെ കൊന്നിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ വര്‍ഷം തന്നെ ഏപ്രിലിലാണ് സ്‌ഫോടനത്തില്‍ വായ മുഴുവന്‍ തര്‍ന്ന പിടിയാനയെ പുനലൂരിലെ വനത്തില്‍ വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. കാടിനുള്ളില്‍ ആനക്കൂട്ടത്തിലേക്ക് കയറിപ്പോയ പിടിയാനയെ അടുത്ത ദിവസം തന്നെ വീണ്ടും കാടിനുവെളിയില്‍ കാണുകയായിരുന്നു.

ഈ സമയം മുറിവില്‍ മരുന്നുവെച്ചു നല്‍കി എങ്കിലും ദിവസങ്ങള്‍ക്കകം തന്നെ മുറിവ് പഴുത്ത് ആന ചരിയുകയായിരുന്നു. അതേസമയം സംസ്ഥാനത്ത് ആനകളെ ഭക്ഷണത്തില്‍ പടക്കെവെച്ചു കൊലപ്പെടുത്തിയ സംഭവങ്ങളില്‍ വനം വന്യജീവി വകുപ്പുമന്ത്രി കെ രാജു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.