ഈ ലോകത്തേക്ക് വന്നതും ജീവിക്കുന്നതും ഒരുമിച്ച്; ഒടുവിൽ ഡ്രൈവിങ് ലൈസന്‍സും നേടി ഈ സയാമീസ് ഇരട്ടകൾ

single-img
3 June 2020

തങ്ങള്‍ ഒരിക്കലും പിരിയില്ലെന്ന തീരുമാനത്തിലാണ് സയാമീസ് അഥവാ കണ്‍ജോയിന്‍ഡ് ഇരട്ടകളായ ലുപിതയും കാര്‍മെനും. ഇരട്ടകള്‍ ഒരേ ദിനം ഡ്രൈവിങ് ലൈസന്‍സ് നേടുക. ഇത് അത്ര വാര്‍ത്തയൊന്നുമല്ല. എന്നാല്‍ പതിനെട്ടാം വയസ്സില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ എത്തിയ ഈ പെണ്‍കുട്ടികള്‍ ജനനം കൊണ്ട് തന്നെ വ്യത്യസ്തരാണ്. ജനിച്ചപ്പോള്‍ തന്നെ ഹൃദയഭിത്തിമുതല്‍ പെല്‍വിലസ് വരെ ഒട്ടിച്ചേര്‍ന്ന നിലയിലാണ് ഇരുവരും. വാരിയെല്ല്, കരള്‍, ദഹനവ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്ന് തന്നെ.

Two Sisters One Body

‘What’s tougher, being a Mexican immigrant in America, or being a conjoined twin?’

Posted by Channel 4 on Monday, June 1, 2020

എല്ലാം ഒന്നിച്ച് ചെയ്യണമെന്നും എല്ലാത്തിനെയും നേരിടണമെന്നും ആളുകള്‍ക്ക് തങ്ങളെ പറ്റിയുള്ള സംശയങ്ങള്‍ നീക്കണമെന്നും കരുതിയാണ് ഈ ഒന്നിച്ചുള്ള ഡ്രൈവിങ് പരിശീലനവും ഡ്രൈവിങ് ടെസ്റ്റ് പാസായതും എല്ലാം.2002ലാണ് ഇവര്‍ ജനിച്ചത്. അടിവയര്‍ മുതല്‍ കൂടി ചേര്‍ന്ന് ഇരിക്കുന്നതിനാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സുണ്ടാവില്ല എന്നാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. ഇനി രണ്ട് പേരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ ആവും ഫലമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.

എന്നാല്‍ വിധിയെ പഴിക്കാതെ പോരാടുന്ന ഈ മെക്‌സിക്കന്‍ സ്വദേശിനികള്‍ ഇപ്പോള്‍ ആളുകള്‍ക്കെല്ലാം അത്ഭുതവും പ്രചോദനവുമാണ്.ശരീരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഷെയര്‍ ചെയ്യുന്ന രീതിയിലാണ് ഇവര്‍. എന്നാല്‍ ഇതില്‍ ഒരാള്‍ക്കാണ് എല്ലാ അവയവങ്ങളുടെയും നിയന്ത്രണം. അതാരാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ലുപിതയും കാര്‍മെനും ചെറുപ്പത്തില്‍ തന്നെ വളരെക്കാലം ഫിസിയോതെറാപ്പിക്ക് വിധേയരായിരുന്നു. എങ്ങനെ ഒന്നിച്ച് ഇരിക്കാം, നടക്കാം, കാലുകളും കൈകളും എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ ഏറ്റവും ചെറിയ കാര്യങ്ങള്‍ വരെ പഠിപ്പിക്കേണ്ടി വന്നു. നാലാമത്തെ വയസ്സുമുതല്‍ ഇരുവരും ആദ്യത്തെ ചുവടുവച്ചു. നട്ടെല്ലിന്റെ ഒരു ഭാഗം വരെ രണ്ടാള്‍ക്കും പൊതുവായതിനാല്‍ ഇരുവരെയും പിരിക്കേണ്ട എന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

രണ്ടാളും ഒന്നിച്ചാണെങ്കിലും വ്യക്തിത്വം രണ്ടാണെന്ന് ഇവരുടെ കുടുംബം പറയുന്നു. കാര്‍മെന്‍ മേക്കപ്പ് ഒക്കെ അണിഞ്ഞ് സുന്ദരിയായി നടക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ലുപിത ഇതൊന്നും ശ്രദ്ധിക്കാറെയില്ല. എങ്ങനെയായാലും പിരിയാന്‍ മനസ്സില്ല എന്നാണ് ഇരുവരുടെയും മറുപടി.അമേരിക്കന്‍ ന്യൂസ് ചാനലായ ചാനല്‍ ഫോര്‍ ചെയ്ത ടു സിസ്‌റ്റേഴ്‌സ് വണ്‍ബോഡി എന്ന ഡോക്യുമെന്ററിയാണ് ഇവരെ ലോകത്തിന് മുന്നില്‍ എത്തിച്ചത്.