പാമ്പിനെ വാങ്ങിയ കാര്യം പോലീസിനോട് പറയരുത്; പാമ്പ്‌ പിടിത്തകാരനോട് സൂരജ് അഭ്യര്‍ത്ഥന നടത്തിയിരുന്നു

single-img
2 June 2020

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനി ഉത്രയെ കൊലപ്പെടുത്തിയ കേസിൽ താൻ പോലീസ് പിടിയിലാകുമെന്ന് ഉറപ്പായ ഭർത്താവ് സൂരജ്, പാമ്പ് പിടിത്തക്കാരൻ ചാവർകോട് സുരേഷിന്റെ സമീപം സഹായ അഭ്യർഥന നടത്തി എന്നതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു. മാത്രമല്ല, കേസിൽ പെടാതെ രക്ഷിക്കാനായി സഹായിക്കണമെന്നും പാമ്പിനെ വാങ്ങിയ കാര്യം പോലീസിനോട് പറയരുതെന്നും ഫോണിലൂടെ പറഞ്ഞിരുന്നു.

ഈ വിവരങ്ങൾ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും സമ്മതിച്ചു. സൂരജ് തന്റെ അടുത്ത സുഹൃത്തിന്റെ ഫോൺ വാങ്ങിയായിരുന്നു ഇതിനായി സുരേഷിനെ വിളിച്ചത്. ഇത്തരത്തിൽ കാൾ ചെയ്ത തെളിവായി ഫോൺ രേഖകളും നിർണായക മൊഴികളും പോലീസ് ശേഖരിച്ചു. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിക്കും മുൻപ് പാമ്പുകളെ കൈകാര്യം ചെയ്യാൻ സൂരജിന് വിദഗ്ധ പരിശീലനം ലഭിച്ചതായാണ് വിവരം.

ഇത്തരത്തിൽ പരിശീലനം ലഭിക്കാതെ പാമ്പുകളെ കൈകാര്യം ചെയ്യാൻ കഴിയില്ല. സൂറാക്ജ് തന്റെ വീട്ടിൽ വച്ച് അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ച ശേഷം തിരികെ പ്ലാസ്റ്റിക് ടിന്നിലാക്കിയിരുന്നു. ഈ കേസിൽ വാവ സുരേഷിന്റെ മൊഴി പോലീസ് തുടക്കത്തിൽ രേഖപ്പെടുത്തിയിരുന്നു.

നിലവിൽ സൂരജിനും വീട്ടുകാർക്കുമെതിരെ ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവയ്ക്കെതിരെ അന്വേഷണം തുടങ്ങി. സംസ്ഥാന വനിതാ കമ്മിഷൻ ഇവർക്കെതിരെ സ്വമേധയാ കേസെടുത്ത് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.