ഓണ്‍ലൈന്‍ ക്ലാസെടുത്ത അധ്യാപകര്‍ക്കെതിരെ സൈബര്‍ ആക്രമണം; കേസ് രജിസ്റ്റര്‍ ചെയ്തു

single-img
2 June 2020

സർക്കാർ പദ്ധതി പ്രകാരം ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകർക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിന്റെ കീഴിലുള്ള വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയായ ഫേസ് ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി സ്വീകരിച്ചത്. സര്‍ക്കാര്‍ നടത്തുന്ന ഓണ്‍ലൈന്‍ പഠന സംവിധാനത്തില്‍ ക്ലാസെടുത്ത അധ്യാപകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ സംസ്ഥാന യുവജനകമ്മിഷനും സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.

അധ്യാപകര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കമ്മീഷന്‍ കേസെടുത്തത്. ഇന്നലെയായിരുന്നു സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം ആരംഭിച്ചത്. നിലവിലെ കോവിഡ് ഭീതിയും ലോക്ഡൗണും മൂലം സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തിലും വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍, ടെലിവിഷന്‍ ക്ലാസുകള്‍ ആരംഭിച്ച് മാതൃകാപരമായ ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.

സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനങ്ങളും അതോടൊപ്പം അധ്യാപകരുമെല്ലാം വിശ്രമമില്ലാതെ കര്‍മനിരതരാകുമ്പോള്‍ അവരെ അപമാനിച്ച് ആത്മനിര്‍വൃതി കൊള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള സംസ്ഥാന യുവജനകമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്ത ജെറോം അറിയിച്ചു.