ലോക്ക് ഡൌണ്‍: സീരിയൽ ചിത്രീകരണം കേരളത്തില്‍ പുനരാരംഭിച്ചു

single-img
2 June 2020

കൊവിഡ് വൈറസ് വ്യാപനത്തെ ചെറുക്കാനുള്ള ലോക്ക് ഡൌൺ പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് തടസപ്പെട്ട സീരിയൽ ചിത്രീകരണം കേരളത്തിൽ പുനരാരംഭിച്ചു.ഒരുമിച്ചു കൂടാനുള്ള ആളുകളുടെ എണ്ണം സർക്കാർ നിർദ്ദേശ പ്രകാരം കുറച്ചതിനാൽ കഥാഗതിയിൽ മാറ്റങ്ങളോടെയാണ് സീരിയലുകൾ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

ലോക്ക് ഡൌൺ കാരണം കഴിഞ്ഞ രണ്ടുമാസത്തിലേറെയായി നിർത്തി വച്ച സീരിയലുകൾ വീണ്ടും ചിത്രീകരണം തുടങ്ങുന്നത് കാര്യമായ മാറ്റങ്ങളോടെയാണ്. ജന ജീവിതത്തിന്റെ ഭാഗമായ മാസ്കും സാനിറ്റൈസറുമൊക്കെ സീരിയലിലും കഥാപാത്രങ്ങളായി. പല സീരിയലിലെയും പ്രധാന റോളുകളിൽ അഭിനയിക്കുന്നവർ പലയിടത്തും പെട്ടുപോയി. ഈ സാഹചര്യത്തെ മറികടക്കാൻ അണിയറ പ്രവർത്തകർ പുതുവഴികൾ കണ്ടെത്തിയിട്ടുണ്ട് എന്നാണു വിവരം.

നിലവിലെ സാഹചര്യത്തിൽ സീരിയലിലെ വൈകാരിക രംഗങ്ങൾ പോലും സാമൂഹിക അകലം പാലിച്ച് നടപ്പിലാക്കേണ്ട സ്ഥിതിയാണ് ഉള്ളത്. അതിനാൽ കൂട്ടുകുടുംബങ്ങളുടെ കഥകളിൽ ആളുകളുടെ എണ്ണം കുറച്ചു. വിരലിലെണ്ണാവുന്ന അണിയറ പ്രവർത്തകർ മാത്രമാണ് പലതിലും പങ്കെടുക്കുന്നത്. സീരിയലുകൾക്ക് ഇൻഡോർ ഷൂട്ടിങ് പരമാവധി 50 പേരെ വച്ച് സാമൂഹിക അകലം അടക്കം പാലിച്ച് കൊണ്ട് നടപ്പിലാക്കാനാണ് സർക്കാർ അനുവാദം നൽകിയത്.