അഭിനയിക്കുന്നതിലാണ് സന്തോഷം, രാഷ്ട്രീയത്തിലേക്ക് വരാന്‍ താത്പര്യപ്പെടുന്നില്ല: സോനു സൂദ്

single-img
2 June 2020

ലോക്ക് ഡൗണിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ തൊഴിലാളികള്‍ക്ക് വീടുകളിലെത്താന്‍ ബസ്സുകള്‍ ഏര്‍പ്പാടാക്കിയും കഴിക്കാന്‍ ഭക്ഷണം നല്‍കിയും നടൻ സോനു സൂദ് കഴിഞ്ഞ നാളുകളിൽ വാർത്തകളിൽ ഇടം നേടിയിരുന്നു.തൊട്ടുപിന്നാലെ തന്നെ ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നും അത് ബിജെപിയിലൂടെയായിരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു.

എന്നാൽ രാഷ്ട്രീയത്തിലേക്ക് വരാന്‍ താന്‍ താത്പര്യപ്പെടുന്നില്ല, മാത്രമല്ല ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഭാഗമാകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് സോനു സൂദ് പറയുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നെല്ലാം ക്ഷണം ലഭിച്ചിരുന്നെന്നും പക്ഷെ അഭിനേതാവ് എന്ന നിലയില്‍ താന്‍ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

‘ എല്ലായിപ്പോഴും ഒരു നടനായിട്ടിരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അങ്ങിനെ ചെയ്യുന്നതിലാണ് എന്റെ സന്തോഷം. അഭിനയത്തിന്റെ രംഗത്ത് ഞാന്‍ മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ടെന്ന് തന്നെയാണ് കരുതുന്നത്. അതിനാൽ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനമൊന്നും ഇപ്പോള്‍ മനസിലില്ല’, സോനു സൂദ് പറയുന്നു. അതേപോലെ അതിഥി തൊഴിലാളികളെ വീടുകളിലെത്തിക്കാനുള്ള തന്റെ തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണങ്ങളുണ്ടെന്നും ഇന്ത്യ എന്ന രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖം അതിഥി തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അതെന്നുമാണ് സോനു വ്യക്തമാക്കിയത്.