കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഷെയർ ചെയ്യാൻ “ആചാരവെടി” ഗ്രൂപ്പ്: മലപ്പുറത്ത് 3 പേർ അറസ്റ്റിൽ

single-img
2 June 2020

മലപ്പുറം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിനായി “ആചാരവെടി” എന്ന പേരിൽ വാട്സാപ്പ് ഗ്രൂപ്പ് നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഗ്രൂപ്പ് നടത്തിപ്പുകാരായ മൂന്നുപേരെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

250 അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ കേസെടുക്കുമെന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറയ്ക്കൽ ഇവാർത്തയോട് പറഞ്ഞു. കുറ്റിപ്പാല സ്വദേശിയായ അശ്വന്ത് എന്ന 21 വയസുകാരനായ യുവാവാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടികളുടെ നഗ്ന/അശ്ലീല ചിത്രങ്ങൾ പങ്കുവെയ്ക്കുന്നതിന് ഗ്രൂപ്പിനുള്ളിൽ നിയമങ്ങളുണ്ടായിരുന്നു. ‘ഗ്രൂപ്പിന്റെ വിവരങ്ങൾ പുറത്തുവിടരുത്. നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണം. ഗ്രൂപ്പ് അംഗങ്ങളുടെ അടുത്ത പരിചയക്കാരിൽ താൽപര്യമുള്ളവർക്കു മാത്രമാണ് അംഗത്വം.’ എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങളും ഉണ്ടായിരുന്നുവെന്നും ഇൻസ്പെക്ടർ ബഷീർ ചിറയ്ക്കൽ ഇവാർത്തയോട് പറഞ്ഞു.

കേസ് എത്തിയത് ഇന്റർപോൾ വഴി

കുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഐക്യരാ‍ഷ്ട്രസഭയുടെ വിഭാഗമായ യുനിസെഫാണ് കേരളത്തിൽ ഇത്തരം ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം കണ്ടെത്തിയത്. ഈ വിവരം ഇന്റർപോൾ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിച്ചു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ്പ് അഡ്മിനെന്നു തിരിച്ചറിഞ്ഞതോടെ എഡിജിപി അന്വേഷണ ചുമതല മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ ഏൽപിക്കുകയും സൈബർഡോമിന്റെ സഹായത്തോടെ അന്വേഷണം നടത്തുകയുമായിരുന്നു.


25 ദിവസമായി മലപ്പുറം പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം ഈ കേസിനു പിന്നാലെയുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും പ്രചരിപ്പിക്കുന്നതും രാജ്യാന്തര തലത്തിൽത്തന്നെ കടുത്ത കുറ്റമാണ്.

മലപ്പുറം ജില്ലയിൽ നിന്നുള്ള 15 പേരാണ് ‘ആചാരവെടി’ ഗ്രൂപ്പിലുണ്ടായിരുന്നത്. ഇവരെ ഒരുമിച്ചു പിടികൂടാനായി സംയുക്ത റെയ്ഡിനായിരുന്നു പദ്ധതി. ഇതിനായി എല്ലാവരുടെയും വീടുകൾ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷൻ പരിധി കണ്ടെത്തുകയും റെയ്ഡിന് 15 സ്റ്റേഷനുകളിലും നിർദേശം നൽകുകയും ചെയ്തു. തുടർന്നാണ് അഡ്മിൻ ഉൾപ്പെടെ 13 പേർ പിടിയിലായത്. രണ്ടുപേർ ഗൾഫിലാണ്.

പിടിയിലായ ചിലരുടെ ഫോണുകളും കണ്ടെടുത്തപ്പോൾ ചിലയിടത്ത് ഫോൺ കണ്ടെത്താനായിട്ടില്ല. വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസന്വേഷണവും തുടർ നടപടികളും പുരോഗമിക്കുകയാണ്. ഗുരുവായൂർ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരെല്ലാം ഗ്രൂപ്പിൽ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇതര ജില്ലകളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് കൂടുതൽ പേരെ പ്രതിചേർക്കാനാണ് പൊലീസ് ആലോചിക്കുന്നത്.