കേരള ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ഇനി ടിനു യോഹന്നാന്‍

single-img
1 June 2020

ഇതാ സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍ എത്തുന്നു. ഇന്ന് കോച്ചായി ടിനു സ്ഥാനമേറ്റു. നിലവിലെ പരിശീലകനായിരുന്ന ഡേവ് വാട്‌മോറിനു പകരക്കാരനായാണ് ടിനു കേരള ടീമിന്റെ പരിശീലകനായി എത്തുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷം കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ശേഷമാണ് ഇപ്പോൾ വാട്‌മോര്‍ ബൈ ബൈ പറയുന്നത്. ആഭ്യന്തര തലത്തിൽ അവസാന സീസണിലെ വളരെ മോശമായ ടീമിന്റെ പ്രകടനമാണ് വാട്‌മോറിന്റെ സ്ഥാനം മാറുന്നതിൽ എത്തിച്ചത്.

രാജ്യത്തിനായി ദേശീയ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ മലയാളി താരമാണ് ടിനു. കൂടുതൽ കാലം ടീമില്‍ നിലനിന്നില്ലെങ്കിലും കേരളത്തിലെ യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകാന്‍ ടിനുവിന് സാധിച്ചു. 2001ൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ടിനുവിന്റെ അരങ്ങേറ്റം. ആകെ മൂന്ന് ടെസ്റ്റ് മാത്രം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച അദ്ദേഹം കേവലം അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. നേടിയതാവട്ടെ വെറും 13 റണ്‍സും.

പിന്നാലെ മൂന്ന് ഏകദിനവും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചു. ഇതിൽ അഞ്ച് വിക്കറ്റും ഏഴ് റണ്‍സുമാണ് സമ്പാദ്യം. 2002ല്‍ നാട്ടിൽ തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്. ഇപ്പോൾ 41 വയസുള്ള ടിനു 59 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 524 റണ്‍സും 145 വിക്കറ്റും 45 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 93 റണ്‍സും 63 വിക്കറ്റും അദ്ദേഹം നേടി. ഒരു ടി20യും കളിച്ചിട്ടുണ്ട്.